മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഷിജു അബ്ദുള്‍ റഷീദ്. രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യന്‍ സിനിമാ സീരിയല്‍ ലോകത്തുള്ള താരമാണ് ഇദ്ദേഹം. മഴവില്‍ക്കൂടാരം എന്ന സിനിമയിലൂടെ അരങ്ങേറിയ അദ്ദേഹം ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി സിനിമകളടെ ഭാഗമായി. അതോടൊപ്പം സ്വന്തം, എന്റെ മാനസപുത്രി, മന്ദാരം, താലോലം, ഓട്ടോഗ്രാഫ്, ജാഗ്രത തുടങ്ങി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഈയടുത്തായി സീ കേരളയിലെ നീയും ഞാനും എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സിനിമാ സീരിയല്‍ ലോകത്തെ തന്റെ വിശേഷങ്ങള്‍ ഷിജു ഒരു സ്വകാര്യ ചാനലുമായി പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മലയാള സിനിമാ ഇന്‍ഡസ്ട്രിയേക്കാള്‍ തെലുങ്കില്‍ നല്ല എക്‌സ്‌പോഷര്‍ ലഭിച്ചയാളാണ് താനെന്നാണ് നടന്‍ പറയുന്നത്. മലയാളത്തില്‍ ദോസ്തിലെ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെട്ടു. തെലുങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ അധികം എന്നെയാരും യൂസ് ചെയ്തിട്ടില്ല. വലിയ ക്യാരക്ടര്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് നടന്‍ പറയുന്നു. അഭിനയത്തില്‍ മമ്മൂക്കയും ലാലേട്ടനും എന്നെ വളരെ സ്വാധീനിച്ചവരാണ്. ഉയരക്കൂടുതല്‍ മൂലം ആദ്യ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാളാണ് ഞാന്‍.
ഒരു ദിവസം 12 സിനിമ കമ്മിറ്റ് ചെയ്തിട്ടുള്ളയാളുമാണ് ഞാന്‍. പക്ഷേ ചില പ്രശ്‌നങ്ങള്‍ മൂലം ആ 12 സിനിമകളും മുടങ്ങി. തമിഴില്‍ വിജയിക്കൊപ്പം ഒരു വേഷം ചെയ്യേണ്ടതായിരുന്നു. സെല്‍വ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. വിജയ് മൂന്നോ നാലോ സിനിമകള്‍ ഹിറ്റായി നില്‍ക്കുന്ന സമയമാണ്. എന്നെ കാണാനായി വിളിപ്പിച്ചു, ഞാന്‍ ചെന്നു, എന്നെ അദ്ദേഹം അടിമുടിയൊന്ന് നോക്കി. എന്റെയൊപ്പം സിനിമ ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഫിഗര്‍ മൂലമായിരിക്കാം. പക്ഷേ ഇന്നത്തെ വിജയ് അതൊന്നും നോക്കില്ലെന്ന് തോന്നുന്നു, ഷിജു പറയുകയാണ്.
എന്റെ രണ്ട് സിനിമ ഒരു വര്‍ഷത്തിന് മേല്‍ തെലുങ്കില്‍ ഓടിയിട്ടുണ്ട്. 15 സിനിമകള്‍ 100 ദിവസം ഓടിയിട്ടുണ്ട്. 29 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ആക്ഷന്‍ കട്ടിനിടയില്‍ ആണ് ഞാന്‍ വളരെ സന്തോഷം കണ്ടെത്തുന്നത്. ഒരു ഗ്യാപ്പില്‍ ഞാന്‍ സീരിയല്‍ മടുത്തിട്ട് നിര്‍ത്തിയതാണ്. അഭിനയം എന്റെ പാഷനാണ്, അത് ജോലിയായി കണ്ടാല്‍ വെറുത്തുപോകും. ഇപ്പോള്‍ വ്യത്യസ്തതയുള്ള കണ്ടന്റ് കണ്ടിട്ടാണ് നീയും ഞാനും ഞാന്‍ കമ്മിറ്റ് ചെയ്തത്. രവിവര്‍മ്മന്‍ എന്ന വേഷത്തിലേക്ക് എത്തിയത് അങ്ങനെയാണെന്നും ഷിജു പറയുന്നു. സീരിയിലേതു പോലെ തന്റേയും ഒരു പ്രണയ വിവാഹമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കള്‍ ആയി പരിചയപ്പെടുകയും പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രീതയാണ് ഷിജുവിന്റെ ഭാര്യ. ഷിജുവും പ്രീതയും തമ്മില്‍ സൗഹൃദത്തില്‍ ആയിരിക്കുന്ന സമയത്താണ് പ്രീതയുടെ അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് തനിക്ക് ശക്തി പകര്‍ന്നതും കൂടെ നിന്നതും ഷിജു ആണ് എന്ന പ്രീത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ അച്ഛന്റെ കുറവ് പരിഹരിക്കുകയായിരുന്നു എന്ന് പ്രീത പറയുന്നു. ഇത്രമാത്രം ആത്മാര്‍ത്ഥമായി തന്റെ ജീവിതത്തില്‍ ഇടപെടുന്ന സുഹൃത്തിനെ ജീവിതകാലം മുഴുവന്‍ കൂട്ടായ് വേണമെന്ന് താന്‍ ആഗ്രഹിച്ചു.
അങ്ങനെയാണ് ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറിയത്. രണ്ടു മതവിഭാഗത്തില്‍ പെട്ടവരായിരുന്നതു കൊണ്ടുതന്നെ പ്രീതയുടെ അമ്മ ശക്തമായി എതിര്‍ത്തു. ഷിജു ഒരു അഭിനേതാവാണ് എന്നതും വിവാഹത്തിന് എതിര്‍ക്കുന്നതിന് കാരണമായി. ഒരു സ്ഥിര വരുമാനം ഇല്ലാത്ത ആള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിന് ചെവി കൊടുക്കാതെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം മലയാളത്തേക്കാള്‍ തെലുങ്ക് പ്രേക്ഷകരെയാണ് ഇഷ്ടം. ഇവിടെ ആരും ഒരു സ്റ്റാര്‍ ഉയര്‍ന്നുവന്നാല്‍ അവര്‍ ആ സ്ഥാനത്തെത്താന്‍ എടുത്ത കഷ്ടപ്പാട് ചിന്തിക്കില്ല. നമ്മള്‍ മലയാളികളുടെ പ്രശ്‌നമാണത്.
പക്ഷേ തെലുങ്കില്‍ അങ്ങനെയല്ല. നമ്മളായിരിക്കുന്ന സ്ഥാനം അത് ഞങ്ങള്‍ക്ക് എത്താനായില്ലല്ലോ എന്ന് കണ്ട് അവര്‍ ബഹുമാനിക്കും. അവരുടെ സ്‌നേഹം വലുതാണ്. തെലുങ്കില്‍ വിജയ് ദേവരക്കൊണ്ടയുടെയും എന്‍ടിആറിന്റേയും അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരക്കൊണ്ട വളരെ ജെനുവിന്‍ വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. സിനിമകള്‍ കൂടുതലും തെലുങ്കിലാണ് ചെയ്തതെങ്കിലും മലയാളത്തില്‍ സീരിയല്‍ ലോകത്ത് എനിക്കൊരിടമുണ്ട്, അതിനാല്‍ ഇവിടെ സീരിയലുകള്‍ ചെയ്യാനിഷ്ടമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നു പറയുന്നു.