മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദന ഇപ്പോഴും പലര്‍ക്കും വിട്ടുമാറിയിട്ടില്ല. കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഞ്ജുപിള്ള നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലളിതാമ്മ മരിച്ച് കിടന്നപ്പോള്‍ തന്നെ അസ്വസ്ഥയാക്കിയ സംഭവത്തെ കുറിച്ചാണ് മഞ്ജു പിള്ള സംസാരിച്ചത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
മഞ്ജുപിള്ളയുടെ വാക്കുകള്‍ ഇങ്ങനെ, മരണവേളയില്‍ സങ്കടത്തെക്കാളേറെ ദേഷ്യം സോഷ്യല്‍ മീഡിയയിലെ ചില കമന്റുകളും അമ്മ മരിച്ചു കിടക്കുമ്പോള്‍ നടന്ന ചില മനുഷ്യത്വമില്ലായ്മകളും കണ്ടാണ്. സോഷ്യല്‍മീഡിയ വന്നപ്പോള്‍ സ്വകാര്യത നഷ്ടമായി. മരിച്ചു കിടക്കുന്നവര്‍ക്കു പോലും മനസമാധാനം കൊടുക്കാത്തവര്‍. തൊഴുതു നില്‍ക്കുകയാണെന്ന് തോന്നും. പക്ഷേ, കയ്യില്‍ മൊബൈലാണ്.
അമ്മയുടെ അവസാന കാലത്തെ ഫോട്ടോ പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ട്. ഇക്കാലത്ത് മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളത്. അമ്മ ആശുപത്രിയില്‍ കിടന്നപ്പോഴും സോഷ്യല്‍ മീഡിയ സമാധാനം കൊടുത്തില്ല. കാര്യമറിയാതെ ഒരുപാടു പേര്‍ ബഹളമുണ്ടാക്കുകയായിരുന്നു. സിനിമാക്കാര്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നില്ല എന്നായിരുന്നു ഉയര്‍ന്ന പരാതി. സിനിമാക്കാര്‍ കണ്ണില്‍ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നു എങ്കില്‍ വീടിന്റെ ആധാരം വെച്ചിട്ടാണെങ്കിലും ഞാന്‍ അതിനുള്ള പണം കണ്ടെത്തിയേനെ.
പക്ഷേ, സത്യം അതല്ലായിരുന്നുവെന്നും ശസ്ത്രക്രിയ ചെയ്യാനാകുന്ന ആ രോഗാവസ്ഥ ആയിരുന്നില്ല അമ്മയുടേത്. മകന്‍ സിദ്ധാര്‍ഥ് ആരെയും അടുപ്പിക്കുന്നില്ലെന്നായിരുന്നു അടുത്ത പരാതി. കെപിഎസി ലളിത എന്ന നടിയുടെ മുഖം നമ്മുടെ മനസ്സിലുണ്ട്. നമുക്കാര്‍ക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന അമ്മയെ മറ്റുള്ളവരെ കാണിക്കാന്‍ സിദ്ദുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവന്‍ ഇഷ്ടപ്പെട്ടില്ല, ഞാനാണെങ്കിലും ചിലപ്പോള്‍ അങ്ങനെയേ ചെയ്യൂ. അതുകൊണ്ടു തന്നെ ആദ്യം പോയി ഞാന്‍ കണ്ടില്ല. മരിക്കുന്നതിന് മൂന്നാഴ്ച മുന്‍പ് സിദ്ദുവിനെ വിളിച്ചപ്പോഴും അവന്‍ വരേണ്ട എന്നാണ് പറഞ്ഞത്, കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചു, ‘സോറി ചേച്ചി, നിങ്ങളുടെ ബന്ധം ഞാന്‍ മറന്നു. ചേച്ചി വരൂ.’ അടുത്തു ചെന്നു നിന്ന് ഞാന്‍ വിളിച്ചു, അവസാനമായി. കാല്‍ ഒന്നനങ്ങി. അത്രമാത്രം….