വഴിതെറ്റി നഗരത്തില്‍ കുടുങ്ങി പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് ജീപ്പ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിന് കേഴുന്നതിനിടെയാണ് അതുവഴി നടി സുരഭി ലക്ഷ്മി എത്തിയത്. നടി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയും ചെയ്തു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പോലീസ് സ്റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടാകുന്നത്. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും രാവിലെയാണ് മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞിനെയുമായി പുറത്ത് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പകലന്തിയോളം നഗരത്തില്‍ ഉടനീളം തിരഞ്ഞു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇരുട്ടായതോടെ പോലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഈ സമയം നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തി.
അമ്മയ്ക്കും കുഞ്ഞിനും പോലീസുകാര്‍ ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കൈയ്യില്‍ നിന്നും ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി വിളിച്ച് പോലീസ് കാര്യം പറഞ്ഞു. എന്നാല്‍ സംസാരം തീരുന്നതിനിടെ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. ഉടന്‍ തന്നെ രണ്ട് സുഹൃത്തുക്കളെയും ഇളയ കുഞ്ഞിനെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് ഭര്‍ത്താവ് പുറപ്പെട്ടെങ്കിലും വഴിയില്‍ വെച്ച് കലശലായ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ യുവാവ് കുഴഞ്ഞുവീണു.
ഡ്രൈവിങ് വശമില്ലാത്ത സുഹൃത്തുക്കള്‍ പുറത്തിറങ്ങി നിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും ഒപ്പം പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയില്‍, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.