ഭാവന മലയാള സിനിമയിലേക്ക് അഞ്ച് വർഷത്തിനുശേഷം തിരികെയെത്തുന്നു. ആദിൽ മൈമൂനത്ത് അഷ്റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
തഗരു, 99, ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. 2002-ൽ ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്. ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.
2017ൽ, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോൻ’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളിൽ ശ്രദ്ധ ചെലുത്തിയ ഭാവന അടുത്തിടെ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് സൂചിപ്പിച്ചിരുന്നു.