നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ ആരാധകർ ഇന്നും ഓർത്തു നിൽക്കുന്ന ഒന്നുതന്നെയാണ്. ആ കഥാപാത്രം തന്നെയാണ് നവ്യയുടെ കരിയറിൽ നവ്യയ്ക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തതും. ഇന്നും നവ്യയെ ആരാധകർ ബാലാമണി എന്ന പേരിലൂടെ തന്നെയാണ് തിരിച്ചറിയുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഒക്കെ മാറിനിന്നു എങ്കിലും ടിവി ഷോകളിലും മറ്റും ആയി നവ്യ എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരിച്ചു വരികയാണ് നവ്യ. തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നവ്യ കുറിച്ച് ഒരു ചെറിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യൻ എന്ന ഒരു കുട്ടിയുടെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് നവ്യ നായർ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെയാണ്;
ഇത് ആദിത്യൻ. എൻറെ സ്വന്തം അപ്പു. ആദിത്യനെ നിങ്ങൾക്കും അറിയാം. 2019 ഒക്ടോബർ 15ന് ആദിത്യ നെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്തു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാൻ നിയമിക്കപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവ് പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു. പൊലീസ് സംഘത്തെ 10 വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു. പോലീസുകാർ ആവട്ടെ ആദിത്യനെ എടുത്തുമാറ്റി നിയമം നടപ്പിലാക്കുന്നു. ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെൻറ് കഴിഞ്ഞ ആ വഴി വരുന്നത്. ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിൽ ആക്കി. അന്ന് വൈകിട്ട് അതൊരു വാർത്തയായി. പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യൻ്റെ കയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷിക്കുഞ്ഞുങ്ങളിൽ ഒന്നിനെ വളരെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു. സ്വന്തം കൂട് ഇല്ലാതെ ആകുമ്പോഴും അവനാ പക്ഷിക്കുഞ്ഞിനെ വിട്ടു കളയുന്നില്ല. ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.
‘ഒരുത്തി’ ചിത്രത്തിൻറെ കാസ്റ്റിംഗ് തിരക്കിലായിരുന്നു സുരേഷേട്ടൻ അന്ന് വൈകിട്ട് എന്നെ വിളിച്ചു. മണി നമ്മുടെ അപ്പുവിനെ കിട്ടി. സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി. എൻറെ കണ്ണുനിറഞ്ഞു. ജീവിതത്തിൻറെ കൊടുംചൂട് തൊട്ടറിഞ്ഞ ഇവൻ അല്ലാതെ എൻറെ അപ്പു ആവാൻ മറ്റാര്. ബികേപിയും നാസർ ഇക്കയും ഒരേമനസ്സോടെ ആദിത്യനെ അപ്പു ആയി സ്വീകരിച്ചു. ആദിത്യൻ ഒരുത്തിയിലെ എൻറെ മകൻ അപ്പു ആയി. ക്യാമറയ്ക്കുമുന്നിൽ അവൻ അവൻറെ ജീവിതം ആടിത്തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു. അവൻറെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിൽ ഇരുന്ന് അവനും അവൻറെ കുടുംബവും കാണുന്ന നിറമുള്ള സ്വപ്നമാണ് ഈ സിനിമ. ഒപ്പം ഉണ്ടാകണമെന്ന് പറഞ്ഞാണ് നവ്യയുടെ കുറിപ്പ് അവസാനിക്കുന്നത്. എന്തുതന്നെയായാലും നവ്യയുടെ ഈയൊരു കുറിപ്പ് വളരെയധികം ഹൃദയത്തിൽ സ്പർശിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ. ഈയൊരു സിനിമയിലൂടെ അപ്പുവിൻ്റെ അഭിനയവും വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.