മകൾക്ക് കാൻസറാണെന്ന് അറിഞ്ഞ അനുഭവം വോദനയോടെ വിവരിക്കുകയാണ് സൗമ്യ ബിജിത്. മകളുമായി ആർസിസസിയിൽ ട്രീറ്റ്മനെറിനു പോയപ്പോഴുള്ള അനുഭവങ്ങളാണ് സൗമ്യ കണ്ണീരോടെ ഓർത്തെടുക്കുന്നത്. സൗമ്യയുടെ കുറിപ്പിങ്ങനെ,
ഇന്ന് ലോക കാൻസർ ദിനം… ഫെബ്രുവരി 4… എന്റെ കുഞ്ഞു നെയും കൊണ്ട് RCC ടെ പടി ആദ്യമായി കടന്ന ദിവസം… ഒരു വർഷം… പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിന്നിട്ടും അവളെ ഞാൻ എന്തിനു ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് എനിക്കിപ്പോളും ഉത്തരം കിട്ടാത്ത ചോദ്യം… അവിടെനിന്നു ഇങ്ങോട്ട് എന്തൊക്കെ അനുഭവങ്ങൾ…എല്ലാം ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല…
ഇത്രയേറെ സങ്കടങ്ങൾക്കു ഇടയിലും പിടിച്ചു നിന്നത് അവളുടെ കുഞ്ഞുചിരി തരുന്ന ഊർജം ഒന്നുകൊണ്ടും മാത്രമാണ്… ഒരുപാട് ഓടിതളരുമ്പോ അമ്മ മടുത്തോ എന്നൊരു ചോദ്യം… അത് കേട്ടാൽ പിന്നെ തളർച്ച തോന്നില്ല… ഇനിയും മുന്നോട്ട് പോകണം…എല്ലാവരുടെയും പ്രാർത്ഥന…. ഞങ്ങളുടെ പ്രാർത്ഥനക്കുട്ടിക്കു ഉണ്ടാവണം..
മകളുടെ രോഗാവസ്ഥയെ തരണം ചെയ്തതിനെക്കുറിച്ച് സൗമയ സ്വകാര്യ മാധ്യമത്തോട് പറഞ്ഞതിങ്ങനെ,
വേദനകളും പരീക്ഷണങ്ങളും എന്റെ കുഞ്ഞിന് പതിയെ പതിയെ പരിചിതമായി. പക്ഷേ അവൾ അനുഭവിച്ച വേദനകൾക്ക് മെല്ലെ മെല്ലെ ആശ്വാസം കിട്ടിത്തുടങ്ങി. ഇടയ്ക്ക് നടത്തിയ ബോൺ മാരോ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. പക്ഷേ കോഴ്സ് കംപ്ലീറ്റ് ചെയ്യാനായി പിന്നെയും പിടിച്ചു നിന്നു. രണ്ടര വർഷം… എല്ലാം എന്റെ കുഞ്ഞിനു വേണ്ടി. ഒടുവിൽ റേഡിയേഷൻ നിർത്തുകയാണെന്ന് എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായി. ഇനി മാസത്തിൽ ഒരിക്കൽ ആർസിസിയിൽ വന്ന് ഇഞ്ചക്ഷൻ എടുത്താൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.
കടന്നു പോയ നാളുകൾ അഗ്നി പരീക്ഷകളുടേതായിരുന്നു. നല്ലതും ചീത്തയും തിരിച്ചറിഞ്ഞ നാളുകൾ. ഉപകാരികളേയും അവഗണിച്ചവരേയും തിരിച്ചറിഞ്ഞ നാളുകൾ. ഒരുപാട്‌പേരെ ദൈവം ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചു..ആർസിസിയിൽ കഴിഞ്ഞ നാളുകളിൽ ബ്ലഡ് ഡൊണേറ്റ് ചെയ്ത പലരേയും ഒരിക്കലും മറക്കിലല. പലരുടേയും മുഖംപോലും ഓർമയില്ല. മോൾക്ക് വേണ്ടി പ്രത്യേകം പ്രാർഥനകൾ നേർച്ചകൾ.. സാമ്പത്തികമായ സഹായം.. എന്റെയും ചേട്ടായിടെയും കൂട്ടുകാർ ഞങ്ങളോട് ചേർന്ന് നിന്നവർ.. ആരെയും മറക്കില്ല.
ഞാൻ എവിടെയോ പോയി സുഖമായി താമസിക്കുക ആണെന്ന് പറഞ്ഞവർ… ഇതുപോലെ ഒരു സുഖം വേറെ ആർക്കും കൊടുക്കരുതേ എന്ന് പ്രാർഥന മാത്രം…കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങുമ്പോൾ… പുറത്തേക്കിറങ്ങാനൊക്കെ ആയോ എന്ന് മുനവച്ച് ചോദിച്ചവർ. അവരോടൊക്കെ എന്റെ കുഞ്ഞിന് പകരുന്ന രോഗമല്ലെന്ന് മുഖത്തു നോക്കി പറയേണ്ടി വന്നിട്ടുണ്ട്. ഞങ്ങളിപ്പോഴും പോരാട്ടത്തിലാണ്. കാൻസറിന്റെ അവസാന വേരും അറുത്തു മാറ്റിയിട്ടേ തിരികെയുള്ളൂ. അതുവരെ എന്റെ കുഞ്ഞിപ്പെണ്ണാനായി പ്രാർഥനയോടെ കൂട്ടിരിക്കുകാണ് ഞാൻ.– സൗമ്യ പറഞ്ഞു നിർത്തി.