in

ഞാനൊരു റൈഡർ, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങൾ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള തന്റെ അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദിൽഷ

ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിജയി ആയി പ്രേക്ഷകർ തെരഞ്ഞെടുത്തത് ദിൽഷ പ്രസന്നനെ ആയിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു പെൺകുട്ടി വിജയി ആകുന്നതും. ഷോയിൽ നിന്ന് പുറത്തിറങ്ങിയതോടെ ധാരാളം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ആയിരുന്നു ദിൽഷയെ കാത്തിരുന്നത്.

അർഹിക്കാത്ത വിജയമായിരുന്നു ദിൽഷ നേടിയത് എന്നായിരുന്നു പ്രധാന വിമർശനം. ബിഗ് ബോസിലെ തന്നെ മറ്റു മത്സരാർഥികളായിരുന്ന റോബിന്റേയും ബ്ലെസ്‌ലിയുടേയും ഫാൻസുകാർ വോട്ട് ചെയ്തതു കൊണ്ടാണ് ദിൽഷ ജയിച്ചതെന്നും വിമർശനങ്ങളുയർന്നു.

എന്നാൽ ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും അതൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല എന്നു തന്നെയാണ് ദിൽഷയുടേതായി പുറത്തുവരുന്ന ഓരോ വീഡിയോയിലും പോസ്റ്റുകളിലും വ്യക്തമാകുന്നത്. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും താന്‍ നടത്തിയ യാത്രകളെ കുറിച്ചും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ദില്‍ഷ.

യാത്രകളോട് എന്നും പ്രണയമാണ്. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും യാത്രകൾ നടത്താറുണ്ട്. ഞാനൊരു റൈഡർ ആണ്. വീട്ടിലൊരു ഹിമാലയൻ ബൈക്കുണ്ട്. ജോലി ചെയ്തിരുന്ന ബെംഗളൂരുവിൽനിന്ന് സ്വദേശമായ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകൾ അതിലായിരുന്നു.

ഞാനും അനിയത്തിയും ചേർന്ന് ബൈക്കില്‍ ഒരു ഉത്തരേന്ത്യൻ ട്രിപ്പിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ആ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. അതോടെ ആ ആഗ്രഹം നീണ്ടു പോയി. എങ്കിലും വൈകാതെ അതു സാധിക്കുമെന്നാണ് പ്രതീക്ഷ. കുടുംബസമേതം നടത്തുന്ന യാത്രകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

അതിനായി ഇടയ്ക്കിടെ സമയം മാറ്റിവയ്ക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണം. കാരണം നല്ല കുറേ നിമിഷങ്ങളും മനോഹരമായ ഓർമകളും അത്തരം യാത്രകൾ സമ്മാനിക്കും. ജീവിതത്തിൽ സൂക്ഷിച്ചു വയ്ക്കാൻ നമുക്ക് അതൊക്കെയല്ലേ ഉണ്ടാകൂ.

കശ്മീർ യാത്രയിൽ വളരെയേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. റിപ്പബ്ലിക് ദിനത്തിലാണ് കശ്മീരിൽ എത്തിയത്. അവിടമാകെ കനത്ത സുരക്ഷയായിരുന്നു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. വാഹനമൊന്നും ബുക്ക് ചെയ്യാനാവില്ല. ടൂറിസ്റ്റുകൾക്ക് കടുത്ത നിയന്ത്രണം  ഉണ്ടായിരുന്നു.

എല്ലായിടത്തും പൊലീസുകാർ. ഒരുപാട് ദൂരം നടപ്പോഴാണ് ഓട്ടോറിക്ഷ കിട്ടിയത്. ഒരുപാട് അപേക്ഷിച്ചപ്പോഴാണ് ഡ്രൈവർ യാത്രയ്ക്ക് സമ്മതിച്ചത്. ഇടയ്ക്കിടെ പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. ആളുകൾ പുറത്തിറങ്ങുന്നില്ല. കടകളൊന്നും തുറന്നിട്ടില്ല. സത്യത്തിൽ പകച്ചു പോയി.

വല്ലാതെ ഭയപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇനി കശ്മീരിലേക്ക് വരില്ല എന്നാണ് അപ്പോൾ മനസ്സില്‍ തീരുമാനിച്ചത്. പക്ഷേ പിറ്റേന്ന് ഗുൽമാർഗിൽ എത്തിയപ്പോഴാണ് ഭൂമിയിലെ സ്വർഗമാണ് കശ്മീരെന്നു തിരിച്ചറിഞ്ഞത്. അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാം അതോടെ മറന്നു. അവിടെനിന്നു തിരിച്ചു പോകണമല്ലോ എന്നതായിരുന്നു പിന്നീടുള്ള വിഷമം.

ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ദുബായ് തുടങ്ങി വിവിധ വിദേശരാജ്യങ്ങളിൽ ഷോ ചെയ്യാനായി പോയിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം മനോഹരമായിരുന്നു. എല്ലായിടത്തും ഹൃദയത്തിൽ തൊടുന്ന കാഴ്ചകളുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ യാത്രയിൽ ലഡാക്കിൽ പോകണം എന്ന് ആഗ്രഹിച്ചിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി നേരിട്ട തടസങ്ങൾ കാരണം അതു മാറ്റി വച്ചു. ലഡാക്കിൽ പോകണം എന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. പിന്നെയും ഒരുപാട് സ്ഥലങ്ങൾ മനസ്സിലുണ്ട്. നമ്മുടെ രാജ്യം കാഴ്ചകളുടെ ഒരു കലവറ ആണല്ലോ. അതെല്ലാം കാണണം. ഹിമാലയം, കൈലാസം… ആ പട്ടിക അങ്ങനെ നീളും. യാത്രകൾ തുടരും- ദില്‍ഷ പറയുന്നു.

Written by Editor 3

ആ സിനിമയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യർ, എന്നാൽ എത്തിയത് മീന, മഞ്ജു വാര്യർക്ക് നഷ്ടമായത് മലയാളത്തിലെ തന്നെ എക്കാലത്തേയും തകർപ്പൻ ഹിറ്റ് സിനിമ..!

10 വർഷമായി മത വിശ്വാസിയല്ല, മതവും മത വിശ്വാസികളും സമ്മാനിച്ചത് വലിയ മാനസിക ഉപദ്രവം, ഇപ്പോൾ താൻ പൂർണമായും നിരീശ്വര വാദിയെന്ന് ജസ്ല മാടശ്ശേരി: കുറിപ്പ് വൈറൽ..