മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാജേഷ് ഹെബ്ബാര്‍. കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയത് രാജേഷ് ആയിരുന്നു. പരിപാടിയില്‍ അദ്ദേഹം ഭാര്യയെ കുറിച്ചും സിനിമയില്‍ നിന്നും പുറത്തായതിനെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് പറയുഞ്ഞു.
രാജേഷ് ഹെബ്ബാറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘വിക്ടോറിയ കോളേജില്‍ ആണ് ഞാന്‍ പഠിച്ചത്. അതൊരു മിക്സഡ് കോളേഡ് ആയത് കൊണ്ടാണ് അടിപൊളിയായത്. അനിത എന്റെ അനിയത്തിയുടെ കൂടെ മേഴ്സി കോളേജിലാണ് പഠിച്ചത്. ഞങ്ങള്‍ക്കൊരു വെസ്റ്റേണ്‍ ബാന്‍ഡ് ഉണ്ടായിരുന്നു. അവിടെ ഒരിക്കല്‍ പാടാന്‍ പോയപ്പോഴാണ് സ്റ്റേജില്‍ വെച്ച് ആദ്യമായി അനിതയെ കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് അനിത വിക്ടോറിയയില്‍ പഠിച്ചത്. നാലാം ക്ലാസ് മുതല്‍ ഓരോരുത്തരോടും ഇഷ്ടവും മോഹവുമൊക്കെ തോന്നിയിട്ടുണ്ട്. അതൊക്കെ അനിതയ്ക്കും അറിയാം. കാരണം അനിതയുടെ സുഹൃത്തുക്കളും അതിലുണ്ട്. പ്രൊപ്പോസ് ചെയ്യാനൊക്കെ എനിക്ക് പേടി ഉണ്ട്. അതുകൊണ്ട് അനിത ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഞാന്‍ ചോദിക്കാതെ നടന്നിട്ട് ഒടുവില്‍ ഗതിക്കെട്ട് അവള് ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. പാട്ട് കേട്ടിട്ടാണ് അനിത വീണതെന്ന് വിശ്വസിക്കുന്നത്. അന്ന് പാടിയ പാട്ട് ഏതാണെന്ന് ഓര്‍മ്മ ഇല്ല.
സിനിമയില്‍ എത്താന്‍ വേണ്ടി കഥ എഴുതി നടന്നിട്ടുണ്ട്. ഈ ചാന്‍സ് ചോദിച്ച് നടക്കുമ്പോള്‍ ഏതോ ഒരു കഷണ്ടി വന്ന് അവസരം ചോദിക്കുന്നതായിട്ടാണ് എല്ലാവരും കരുതുന്നത്. അതിന് മുന്‍പ് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുള്ള ആളാണെന്ന് പറയാന്‍ വേണ്ടിയാണ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ആരോടെങ്കിലും ചാന്‍സ് ചോദിച്ച് ചെല്ലുമ്പോള്‍ ഇതൊന്ന് കണ്ട് നോക്കിയിട്ട് ഇഷ്ടപ്പെട്ടാല്‍ എന്നെയൊന്ന് സ്വീകരിക്കൂ എന്നായിരുന്നു പറഞ്ഞത്.
അത് അയച്ച് കൊടുത്ത 99 ശതമാനം സംവിധായകരും വന്ന് കാണൂ എന്നാണ് പറഞ്ഞത്. ആ ഷോര്‍ട്ട് ഫിലിം എഴുതിയതും സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഞാനാണ്. അതില്‍ അഭിനയിച്ചത് എന്റെ ഭാര്യയും അച്ഛനുമാണ്. ആര്‍ക്കും കാശ് കൊടുക്കേണ്ടി വന്നിട്ടില്ല. പതിനേഴായിരം രൂപയ്ക്ക് ചെയ്ത കൊച്ച് ചിത്രത്തിലൂടെ ഡല്‍ഹി ഇന്റര്‍നാഷണല്‍ അവാര്‍ഡും കേരളത്തില്‍ മൂന്ന് അവാര്‍ഡും കിട്ടി. ഈ സിഡി വെച്ചിട്ടാണ് ഞാനിപ്പോള്‍ സാറിന്റെ മുന്നില്‍ ഇരിക്കുന്നത്. 2003 ല്‍ ആണ് ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്.
ഒരു സിനിമയിലെ മെയിന്‍ വില്ലനായി എന്നെ തിരഞ്ഞെടുത്തിരുന്നു. അത് ഒരു ലെജന്‍ഡറി സംവിധായകന് വിളിച്ച് മറ്റാര്‍ക്കും ഡേറ്റ് കൊടുക്കരുത് എന്നൊക്കെ പറഞ്ഞു. അതോടെ ബാക്കി ഒക്കെ ഞാന്‍ ഒഴിവാക്കി കൊണ്ടിരുന്നു. കാരണം ഞാന്‍ സ്വപ്നം കണ്ടിരുന്നത് എന്റെ മുന്നിലേക്ക് തുറന്ന് വരികയാണ്. പക്ഷേ ഒരാഴ്ചയ്ക്ക് മുന്‍പ് വിളിച്ചിട്ട് എന്നെ മാറ്റിയെന്ന് പറഞ്ഞു. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ബാക്കി എല്ലാ പ്രൊജക്ടും വേണ്ടെന്ന് പറഞ്ഞതോടെ ആ സിനിമയിലെ ഒരു ചെറിയ റോളില്‍ അഭിനയിക്കാന്‍ വിളിച്ചു.
അതിന് ഞാന്‍ വരാമെന്ന് പറഞ്ഞു. കാരണം അതുപോലെ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നേ വിചാരിച്ചിരുന്നുള്ളു. പക്ഷേ ആ വേഷത്തില്‍ നിന്നും എന്നെ മാറ്റി. ഷൂട്ടിങ്ങിന് ചെന്നു. ഉച്ച വരെ അവിടെ ഇരുന്നു. ഡ്രസിന്റെ അളവൊക്കെ എടുത്തു. എന്നിട്ട് പറഞ്ഞത് ഇന്ന് അഭിനയിക്കാനില്ല. രണ്ട് ദിവസം കഴിഞ്ഞേ ഉള്ളു എന്നാണ്. പക്ഷേ അതിനും മറ്റൊരാളെ വെച്ചിരുന്നു. കാരണം ഞാന്‍ പുതിയ ആളാണ്. എന്നെ വെച്ച് എങ്ങനെ മാര്‍ക്കറ്റ് ചെയ്യുമെന്ന് അവരും കരുതിയിട്ടുണ്ടാവാം.