പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഇപ്പോൾ മലയാളികൾക്ക് ഇടയിലെ പ്രധാന ചർച്ചാവിഷയം. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും ഉയരുകയാണ്. ഷുക്കൂര്‍ എന്ന നജീബിന്‍റെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ എഴുതിയത്. ഷുക്കൂറിന്‍റെ യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കാത്ത പലകാര്യങ്ങളും നോവലിൽ കൂട്ടിച്ചേർത്തു എന്നായിരുന്നു ആരോപണം. ഇപ്പോൾ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബെന്യാമിൻ. തന്റെ കഥയിലെ നായകൻ നജീബാണെന്നും ഷുക്കൂർ അല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്ക് താനാണ് ഉത്തരവാദിയെന്നും അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടണമെന്നുമാണ് ബെന്യാമിന്‍ പറയുന്നത്.
ബെന്യാമിന്‍റെ കുറിപ്പ് ഇങ്ങനെ
കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല.
നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതിനിടെ കഥയിലെ കുഞ്ഞിക്ക താനാണ് എന്ന് പറഞ്ഞ് ഒരാള്‍ രംഗത്തെത്തിയതിനു പിന്നാലെ താന്‍ കഥ കേള്‍ക്കാന്‍ ഇങ്ങനെ ഒരാളെ സമീപിച്ചിട്ടില്ലെന്നും ബെന്യാമിന്‍ വ്യക്തമാക്കിയിരുന്നു. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ തനിക്ക് അറിയൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ.’- ബെന്യാമിന്‍ പറഞ്ഞു.