മലയാള മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് കിഷോര്‍ പീതാംബരന്‍. മുന്നൂറിന് അടുത്ത് പരമ്പരകളിലും ചില സിനിമകളിലും കിഷോര്‍ വേഷമിട്ടിട്ടുണ്ട്. അധികവും വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ തിളങ്ങിയത്. എന്നാല്‍ ജീവിതത്തില്‍ പച്ചയായ മനുഷ്യനാണ് അദ്ദേഹം. സ്‌ക്രീനില്‍ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റേത്. സരിതയാണ് കിഷോറിന്റെ ഭാര്യ. രണ്ടുമക്കളാണ് താരത്തിന്. തിരുവനന്തപുരത്ത് പാലോടാണ് നാട്.
സീരിയലില്‍ അഭിനയിച്ച് കിട്ടുന്ന കാശ് തന്റെ മരുന്നിന് പോലും തികയുന്നില്ലെന്ന് നടന്‍ പറയുന്നു. പിറ്റിയൂട്ടറി ഗ്ലാന്‍ഡില്‍ സിസ്റ്റ് വന്നതിനാല്‍ തന്റെ കാഴ്ച മങ്ങി വരികയാണ്. താന്‍ ഇപ്പോള്‍ സ്റ്റിറോയിഡിലാണ് പിടിച്ചു നില്‍ക്കുന്നത് എന്നാണ് കിഷോര്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന സീരിയലിന്റെ സമയത്ത് തനിക്ക് തലകറക്കം വന്നത്. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ആദ്യം ലിവര്‍ പോയി എന്നാണ് പറഞ്ഞത്. പിന്നെ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനത്തില്‍ ചികിത്സയ്ക്ക് ചെന്നു. അവര്‍ തന്നെ പഠിച്ചു. മാസങ്ങള്‍ എത്ര കഴിഞ്ഞിട്ടും അത് മാറുന്നുമുണ്ടായിരുന്നില്ല.
സമയം കഴിയുന്തോറും ബോധക്കേടിന്റെ അവസ്ഥ കൂടി വന്നു. പൈസയും ഇങ്ങനെ, ഒന്നര ലക്ഷം, രണ്ട് ലക്ഷം എന്നൊക്കെ പറഞ്ഞ് വാങ്ങി കൊണ്ടിരുന്നു. ഒരു രണ്ട് വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇനി വില്‍ക്കാനൊന്നും കൈയ്യില്‍ ഇല്ലാത്ത സാഹചര്യമായി. ലിവര്‍ മാറ്റാന്‍ 80 ലക്ഷം രൂപയാകുമെന്ന് പറഞ്ഞു. അത് തനിക്ക് ഒരിക്കലും പ്രാക്ടിക്കലല്ല.
അവിടുന്ന് ചാടി മെഡിക്കല്‍ കോളേജില് ചെന്നു. ഗാസ്ട്രോയില്‍ കാണിച്ചു. ലിവറിന് ചെറിയ ഒരു പ്രശ്നമുണ്ട്. അത് വലിയ കുഴപ്പമൊന്നുമില്ല. നോണ്‍ ആലക്കഹോളിക് ലിവര്‍ ഡിസീസ് എന്നാണ് തന്റെ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയത്. എന്നിട്ടും അസുഖം നില്‍ക്കാത്തത് കൊണ്ട് ഡോക്ടര്‍ ഒരു എന്‍ഡോക്രൈനോളജിയെ കാണിക്കാം എന്ന് പറഞ്ഞു.
തല സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ തലച്ചോറിന് അകത്തെ പിറ്റിയൂട്ടറി ഗ്ലാന്‍ഡിനകത്ത് ഒരു സിസ്റ്റ് ഉണ്ട്. ഒരു സിസ്റ്റ് വന്നിട്ട് ഇത് നിറഞ്ഞു പോയി. അത് പുറത്തേക്ക് വളര്‍ന്ന് കണ്ണിന്റെ നെര്‍വിലേക്ക് തട്ടിയിരിപ്പുണ്ട്. അതാണ് ഇങ്ങനെ തലകറക്കം വരുന്നത്. ലിവറിന് പ്രശ്നമുള്ളതുകൊണ്ട് സര്‍ജറി നടക്കില്ല. കുറെ മരുന്നുകള്‍ കഴിക്കണം.
20,000 രൂപയുടെ മരുന്നുകള്‍ തന്നെ ഒരു മാസം വേണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം. ഡയബറ്റിക്സിന് നാല് ഇന്‍ജക്ഷന്‍ എടുക്കണം. പലപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. സ്ട്രെയിന്‍ ചെയ്യുമ്പോള്‍ കണ്ണിന് പ്രശ്നമുണ്ട്. ഇപ്പോഴും ഷൂട്ടുകളുണ്ട്. അതുകൊണ്ട് കിട്ടുന്ന തുക കൊണ്ട് ജീവിക്കാനാവില്ല എന്നാണ് കിഷോര്‍ പറയുന്നത്.