നടൻ ബിജുക്കുട്ടനെതിരേ ഗുരുതര ആരോപണവുമായി കള്ളൻമാരുടെ വീട് എന്ന ചിത്രത്തിൻറെ സംവിധായകൻ ഹുസൈൻ അറോണി. ചിത്രത്തിലെ നായകനാണ് ബിജുക്കുട്ടൻ. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് യാതൊരുവിധ സഹകരണവും ബിജുക്കുട്ടൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അഭിനയച്ചുതീർക്കുന്നതിന് മുൻപ് തന്നെ മുഴുവൻ പണവും നൽകിയതാണെന്നും സംവിധായകൻ ആരോപിക്കുന്നു.
പലപ്രാവശ്യം വിളിച്ചെന്നും യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സംവിധായകൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഈ സിനിമയിലെ ഏറ്റവും വലിയ കഥാപാത്രമായി നമ്മൾ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേർ അഭിനയിച്ചു, 32 പേർക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. പക്ഷേ പ്രമോഷന് അവരെ കാണുന്നില്ല. ഒരുപാട് തവണ വിളിച്ചതുമാണ്, പക്ഷേ സഹകരിക്കുന്നില്ല.
ഇങ്ങനെ സഹകരിക്കാതെ വരുമ്പോൾ നമ്മളെപ്പോലുള്ള പുതിയ സിനിമാക്കാർ ഭയന്ന് പുറകിലേക്കു പോകും. ഷൂട്ടിംഗ് സമയത്തൊക്കെ ഇവർ നല്ല സഹകരണമായിരിക്കും, പ്രമോഷൻറെ സമയത്ത് എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ്, രണ്ടു ദിവസം മുമ്പ് വിളിച്ചു പറഞ്ഞാൽ മതിയെന്നു പറയും. രണ്ട് ദിവസമല്ല, രണ്ടു മാസം മുമ്ബ് വിളിച്ചു പറഞ്ഞിട്ടും സഹകരിക്കുന്നില്ല.
സഹകരിക്കാം എന്നു പറഞ്ഞവർപോലും വന്നില്ല. ഇവിടെ ഇങ്ങനെ വന്ന് ഇരിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മുഖത്തൊന്നും സന്തോഷം കാണാൻ കഴിയില്ല. ഈ സിനിമയ്ക്കു ഫണ്ട് കണ്ടെത്തിയ അവസ്ഥയൊക്കെ വളരെ വിഷമം നിറഞ്ഞതായിരുന്നു. കൃത്യമായ പ്രമോഷനില്ലാതെ ഈ സിനിമ ജനങ്ങൾക്കു മുന്നിലെത്താൻ വിഷമമാണ്.
സിനിമയെക്കുറിച്ച് ഞങ്ങൾക്ക് ഭയമില്ല, പ്രമോഷൻ കൊടുത്തില്ലെങ്കിൽ പോലും ജനങ്ങൾ ഏറ്റെടുത്താൽ വിജയിക്കും. ഈ പ്രമോഷനു തന്നെ പല ചാനലുകാരെയും വിളിച്ചപ്പോൾ ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ വരുകയുള്ളൂ എന്നു പറഞ്ഞു. അത് നമ്മളെ വീണ്ടും വിഷമിപ്പിക്കുകയാണ്.
പ്രമോഷനില്ലാതെ ഇത് തിയറ്ററിലേക്കു പോകുമ്പോൾ തിയറ്ററുകാർ ചോദിക്കും: ഈ സിനിമയ്ക്കു പ്രമോഷനുണ്ടോ? അവരോടും മറുപടിയില്ല. നൂറ് തിയറ്ററുകൾ എടുത്ത് റിലീസ് ചെയ്യാൻ നോക്കുമ്ബോൾ അത് 50 തിയറ്ററിലേക്ക് ഒതുങ്ങും. നമ്മൾ അതിനു തയാറെടുക്കാത്തതുകൊണ്ടല്ല. നമുക്കൊപ്പമുള്ള ആർട്ടിസ്റ്റുകൾ സഹകരിക്കാത്തതുകൊണ്ടാണ്.
ഇതിനു തൊട്ടു മുമ്ബൊരു സിനിമയുടെ പ്രമോഷൻ സമയത്ത് ധർമജൻ വരെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതാണ്. ബിജു കുട്ടൻ മുഴുനീള വേഷമാണ് ഈ സിനിമയിൽ ചെയ്യുന്നത്. ആറു നായകന്മാരിൽ പ്രാധാന്യമുള്ള വേഷമാണ്.
ഇവർക്കു കൊടുക്കാത്തതിൽ കൂടുതൽ അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തു. പക്ഷേ ബിജു കുട്ടന് അത് ഇതുവരെയും മനസിലായിട്ടില്ല. ഇനി അത് മനസിലാകണമെങ്കിൽ അദ്ദേഹം എൻറെ ഈ വാക്കുകൾ കേൾക്കണം. അല്ലെങ്കിൽ ഈ സിനിമ കാണണം. സിനിമ കാണാൻ വിളിച്ചിട്ടു പോലും വന്നില്ല.
ആ വിഷമം ഞങ്ങളുടെയൊക്കെ മുഖത്തുണ്ട്. ഒരു രീതിയിലും സഹകരിക്കുന്നില്ല. അവഗണനകൾ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത്. അഭിനയിച്ച സിനിമ റിലീസിനു വരുമ്ബോൾ ഒരാളുടെയും മുഖം ഇങ്ങനെയായിരിക്കില്ല, സന്തോഷത്തിലാകും ഉള്ളത്. ഈ ദുഃഖത്തിനു കാരണം ഒരു സമയത്ത് പിന്തുണച്ച് നിന്നവരുടെ പിന്മാറ്റം തന്നെയാണ്.
അതിന് കാരണം അന്വേഷിക്കുന്നുണ്ട്. അത് തുറന്നു പറയണം. ഇല്ലെങ്കിൽ ഒരഭിമുഖത്തിലെങ്കിലും ഇവർ അത് തുറന്നു പറയണം. തെറ്റിദ്ധാരണയാണെങ്കിൽ ക്ഷമിക്കുക. ഒരാഴ്ച വിളിച്ചു നോക്കിയതാണ്. ഡബ്ബിംഗ്, പ്രമോഷൻ അടക്കമാണ് പ്രതിഫലം നൽകുന്നത്. രണ്ട് മണിക്കൂറെങ്കിലും ഞങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കുന്നില്ല.
ഡിസംബർ 15നായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. ആ സമയത്ത് ബാക്കി അഭിനേതാക്കളൊക്കെ ഓക്കെ ആയിരുന്നെങ്കിലും ബിജു കുട്ടൻ മാറിനിന്നു. അങ്ങനെ പ്രമോഷൻ മാറിപ്പോയി, റിലീസ് തിയതിയും മാറി. എന്താണ് അവരുടെ തെറ്റിദ്ധാരണയെന്ന് മനസിലാകുന്നില്ല. അവർ അത് തുറന്നു പറഞ്ഞാൽ മാത്രമേ അവർ എങ്ങനെയാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് അറിയാൻ കഴിയൂ.
ലൊക്കേഷൻ മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. ഷൂട്ട് തീരുന്നതിനു മുമ്പ് തന്നെ മുഴുവൻ പൈസയും മേടിച്ചു പോയതാണ്. ടിവിയിലൊക്കെയുള്ള ബിജു കുട്ടൻറെ പ്രവൃത്തി കാണുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മൾ മനസിൽ കണ്ടിരുന്നത്. ഇവരെപ്പോലുള്ളവർ നമ്മുടെ സിനിമയിൽ വന്നാൽ ഗുണം ചെയ്യുമെന്നും ചിന്തിച്ചു.
എൻറെ സിനിമയിലെ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലുമല്ല, അത് ബിജു കുട്ടനാണ്. എൻറെ സിനിമയുടെ പ്രമോഷനു വരേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കൻ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടൻ തിരഞ്ഞെടുത്തതാണ്. ഇപ്പോൾ കുറുക്കൻറെ സ്വഭാവം പോലെ ആയിപ്പോയി.
എൻറെ മനസിലെ വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല, എവിടെയും പോയി അപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ അറിഞ്ഞ് ചെയ്യേണ്ട കാര്യങ്ങളാണ്. സങ്കടങ്ങളും പരാതികളും പരിഭവങ്ങളും എല്ലാവർക്കും ഉണ്ടാകും. ആ പരിമിതികൾക്കുള്ളിൽ നിന്ന് അതൊക്കെ മാറ്റിവച്ച് നമ്മളോട് സഹകരിക്കേണ്ട ഉത്തരവാദിത്തം ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തിനുണ്ട്. അത് എൻറെ സിനിമയ്ക്കു മാത്രമല്ല ഏത് സിനിമയ്ക്കു വേണ്ടിയായാലും.
ബിജു കുട്ടൻ ചേട്ടനെയൊക്കെ അര മണിക്കൂറെങ്കിലും കിട്ടിയാൽ ഞങ്ങൾക്കതൊരു വലിയ പ്രമോഷനാണ്. ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വന്ന് പ്രമൊ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞുനോക്കി. സ്വന്തം മൊബൈലിൽ ഒരു വിഡിയോ എടുത്ത് അയച്ച് തരാമോ എന്നും ചോദിച്ചു. ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ് അവർക്ക് മറ്റെന്തോ ദേഷ്യമുണ്ടെന്ന് തോന്നിപ്പോകുന്നത്.
സിനിമയിലും രാഷ്ട്രീയത്തിലും നിത്യ ശത്രുക്കളില്ല എന്നാണ് മനസിലാക്കുന്നത്. അടുത്ത പടത്തിലും ചിലപ്പോൾ ഇവർ അഭിനയിക്കേണ്ടി വന്നാൽ അവരെ സമീപിക്കും. ആർക്കെതിരെയും പരാതിപ്പെടാനും പോകുന്നില്ല.ഇങ്ങനെയൊരു നെഗറ്റിവ് പറഞ്ഞതുകൊണ്ട് ഇവരെ വച്ച് അടുത്ത സിനിമ ചെയ്യുന്നവർക്കൊരു ഗുണം ചെയ്യും. ബിജു കുട്ടൻ ചേട്ടനും അടുത്ത പടത്തിൽ അഭിനയിക്കുമ്പോൾ ഇക്കാര്യം ഓർക്കും. ഹുസൈൻ അറോണി പറഞ്ഞു.ബിജുക്കുട്ടനെ നായകനാക്കി ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കള്ളന്മാരുടെ വീട്. നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റിൻ, ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.