മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ 25-ാം വാര്‍ഷികം കൊച്ചിയില്‍ സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അസോസിയേഷന്റെ ആരംഭത്തെക്കുറിച്ചുമാണ് മോഹൻലാല്‍ സംസാരിച്ചത്.
തന്റെ പേരില്‍ മത്സരം പാടില്ലെന്ന് പറഞ്ഞിട്ടായിരുന്നു ഫാൻസ് അസോസിയേഷൻ ആരംഭിച്ചതെന്ന് മോഹൻലാല്‍ പറഞ്ഞു. പ്രതിസന്ധിയില്‍ എന്റെ പിള്ളേരുണ്ടെടാ എന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ആരവത്തോടെയാണ് ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നെന്നും ആ അനുഗ്രഹം ഇന്നും ഈ സംഘടനയ്‌ക്ക് ഉണ്ടെന്നും മോഹൻലാല്‍ ചടങ്ങില്‍ പറഞ്ഞു.
‘ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എന്റെ മനസ്സില്‍ സിനിമയിലെ തിരക്കഥയിലെന്നതുപോലെ ഉറച്ചൊരു വാചകമുണ്ട്. ‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ…’ 1984,85 കാലഘട്ടത്തില്‍ ഒരു വില്ലനായി സിനിമയിലെത്തി വെള്ളിത്തിരയില്‍ കാലുറപ്പിച്ച എന്റെ കാലമാണ്. ശ്രീകൃഷ്ണ പരുന്ത്, ഒന്നു മുതല്‍ പൂജ്യം വരെ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത കാലത്താണ് തിരുവനന്തപുരത്തെ രാജാജി നഗര്‍ നിവാസിയായ വിജയൻ, സുരേന്ദ്രൻ തുടങ്ങിയവര്‍ ചേര്‍ന്ന് മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. തുടര്‍ന്ന്, എന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ചേര്‍ന്ന് കൂട്ടായ്മകള്‍ തുടങ്ങുകയായിരുന്നു.
ചുറ്റും പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്റെ ഏറ്റവും വലിയ സമ്ബത്തെന്ന് ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു. എന്റെ പേരില്‍ മത്സരങ്ങള്‍ പാടില്ലെന്ന് പറഞ്ഞതിന് ശേഷം 1998-ലായിരുന്നു ചാക്കയില്‍ വച്ച് ആള്‍ കേരള മോഹൻലാല്‍ ഫാൻസ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷൻ ആരംഭിച്ചത്. എന്റെ ഇച്ചാക്ക ആയിരുന്നു അന്ന് ഈ സംഘടന ഉദ്ഘാടനം ചെയ്തത്.
എന്റെ സഹോദര തുല്യനായ ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണുള്ളത്. ഇച്ചാക്കയ്‌ക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. ഈ സംഘടന നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണ്.’- മോഹൻലാല്‍ പറഞ്ഞു.