സൈബർ ആക്രമത്തിനെതിരെ ആഞ്ഞടിച്ച് നടിയും സംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ. തൻ്റെ ഫാസിസ്റ്റ് വിരുദ്ധ പ്രസംഗത്തിനെതിരെ അശ്ലീല പരാമർശങ്ങളുമായും മറ്റും പ്രതികരിച്ച ആർഎസ്‌എസുകാർ കിണറ്റിലെ തവളകളാണെന്ന് ഗായത്രി പറഞ്ഞു.
വാക്കുകളിങെങനെ,
എന്റെ രാഷ്‌ട്രീയ വിശ്വാസം എനിക്ക് പ്രധാനമാണ്. അത് വായിച്ചും പാർടി ക്ലാസിലും അനുഭവത്തിൽനിന്ന് പഠിച്ചും പ്രവർത്തിച്ചും ആർജിച്ചതാണ്. അത് അടിയറവച്ചൊരു ജീവിതമില്ല. അഭിനയം എനിക്ക് ജീവിതം മാത്രമാണ്, അത് ജീവിക്കാനുള്ള തൊഴിലായേ കാണുന്നുള്ളൂ. എന്നാൽ, രാഷ്‌ട്രീയം എനിക്ക് ജീവനാണ്. ജീവനില്ലാതെ എന്ത് ജീവിതം. എതിരഭിപ്രായങ്ങളോട് എങ്ങനെ പ്രതികരണമുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവൊക്കെ ഇത്രയും കാലത്തെ കലാ- -സാംസ്‌കാരിക–രാഷ്‌ട്രീയ പ്രവർത്തനത്തിലൂടെ ഞാൻ നേടിയിട്ടുണ്ട്.
ബിജെപി സർക്കാർ സാംസ്‌കാരിക നയം നടപ്പാക്കുന്നത് രഹസ്യമായാണ്. കോവിഡ് കാലത്ത് സാംസ്‌കാരിക പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാനെന്ന തരത്തിൽ, എന്നെ തിരിച്ചറിയാതെ ഓൺലൈനിൽ അതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് വിളിച്ചു. അഭിപ്രായങ്ങൾ കേട്ടപ്പോൾ അവർക്ക് ആളുമാറിപ്പോയെന്ന് അന്ന് തോന്നിയിരിക്കണം. ആർഎസ്‌എസ് പ്രവർത്തകർ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകാത്ത കിണറ്റിലെ തവളകളാണ്. അവരുടെ നേതൃബിംബങ്ങളെ സംരക്ഷിക്കലാണ് അവരുടെ പണി. അതിനവർ എന്ത് അശ്ലീലവും ആഭാസവും പ്രയോഗിക്കും.
സമൂഹമാധ്യമങ്ങളിലൂടെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നെ. എല്ലാ വീഡിയോകൾക്കും കുറിപ്പുകൾക്കും അടിയിൽ തെറിയാണ്. മോർഫ്‌ചെയ്‌ത ചിത്രങ്ങൾവച്ചുള്ള സംസ്‌കാരമില്ലാത്ത സംഘടിതാക്രമണം. ഇതിലൂടെ ഭയപ്പെടുത്തി മിണ്ടാതാക്കാമെന്നാകും ധാരണ. എങ്കിൽ അവർക്ക് ആളുമാറിപ്പോയി. ഞാൻ പഠിച്ച സ്‌കൂള് വേറെയാ. അത് പാർടി സ്‌കൂളാ. എട്ടാം വയസ്സിൽ ബാലസംഘം പ്രവർത്തകയായി തുടങ്ങിയതാ. ഇന്നും അത് തുടരുന്നു. അതിന് നാളെയും മാറ്റമുണ്ടാകില്ല. ഇന്നലെ മുളച്ച തകരയല്ല.