പോലീസുകാരുമായി നടി ഗൗരി കിഷന്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി മലയാളികള്‍ക്കും സുപരിചിതയാണ്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. നടിയും സുഹൃത്തായ നടനും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്ന് ഗൗരി പറയുന്നുണ്ട്. താരവും പോലീസുകാരും തമ്മില്‍ വളരെ രൂക്ഷമായ രീതിയില്‍ തന്നെയാണ് വാക്‌പോര് നടക്കുന്നത്.
ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫ് ആണ് കാറില്‍ നടിക്കൊപ്പം ഉണ്ടായിരുന്നത്. ഗൗരിയും ഷെര്‍ഷയും സഞ്ചരിച്ച വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിന്റെ പേരിലാണ് താരവും പോലീസും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. കാലാവധി തീര്‍ന്ന കാര്യം താന്‍ മനസിലാക്കുന്നുണ്ട്, എന്നാല്‍ രാത്രി ഒരു പുരുഷനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നാണ് ഗൗരി പോലീസിനോട് ചോദിക്കുന്നത്.
‘രാത്രി പതിനൊന്ന് മണിക്ക് ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങള്‍ സംസാരിക്കുന്നത്? എന്നെ ടാര്‍ഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങള്‍ കാണിക്കുന്നത്. ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാര്‍ഥന. ഞാന്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങള്‍ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാന്‍ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്. ആര്‍സി ബുക്കിന്റെ ഡേറ്റ് തീര്‍ന്നു എന്നുള്ളത് ഞങ്ങള്‍ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈന്‍ അടക്കാന്‍ തയാറാണ്’, ഗൗരി പറയുന്നു.