വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനു സിതാര. 2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം എട്ടാം ക്ലാസ് മുതൽ മോഹിനിയാട്ടം അഭ്യസിച്ചിരുന്നു.
സിനിമയിലേക്ക് താരമെത്തിയത് തന്നെ കലോത്സവ വേദിയിലൂടെയാണ്. പൊട്ടാസ് ബോംബിന് ശേഷം സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ അനു, ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിക്കുകയും അതിനുശേഷം മറുപടി, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഒന്നിനെ പിറകെ ഒന്നായി മികച്ച സിനിമകൾ അനുവിനെ തേടിയെത്തുമ്പോൾ ഫാഷൻ ഫോട്ടോഗ്രാഫറായ ഭർത്താവ് വിഷ്ണുപ്രസാദ് ആണ് താരത്തിന് പൂർണ്ണ പിന്തുണയുമായി പിന്നിൽ തന്നെ ഉള്ളത്. വയനാട്കാരി ആയതിൽ ഏറെ അഭിമാനിക്കുന്ന ആൾ കൂടിയാണ് അനു. എവിടെപ്പോയാലും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുവാൻ എപ്പോഴും ശ്രമിക്കാറുണ്ട് താരം. സിനിമയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുവിന്റെ ജീവിതം സിനിമ കഥയേയും വെല്ലുന്ന തരത്തിലുള്ളതായിരുന്നു.
ഭർത്താവ് വിഷ്ണുവുമായി താരം നീണ്ട നാളത്തെ പ്രണയം ആയിരുന്നു. അതിനൊടുവിൽ ആണ് ഇരുവരും വിവാഹം കഴിച്ചത്. തൻറെ പ്രണയത്തെ പറ്റി അനുവിന്റെ വാക്കുകൾ: സന്തോഷം, സങ്കടം, ദേഷ്യം പോലെയുള്ള ഒരു വികാരമാണ് പ്രണയം. തോന്നിത്തുടങ്ങിയാൽ പിന്നെ അത് എപ്പോഴും ജീവിതത്തിൽ ഉണ്ടാകും.
കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിൽ ആണോ എന്ന് ഓർമ്മയില്ല. ഒരു നോട്ട്ബുക്കിൽ എഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോൾ തന്നെ ടീച്ചർക്ക് കൊടുത്തു. പിന്നെ നല്ല കുട്ടി ആയതുകൊണ്ട് നേരെ വീട്ടിൽ വന്ന് അമ്മയോടും പറഞ്ഞു.
സാരമില്ല എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഒരുപാട് ആൾക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണ്. കല്യാണം കഴിഞ്ഞതുകൊണ്ട് പറയുന്നതല്ല. വിഷ്ണുവേട്ടനെ കാണുമ്പോൾ ഒരു പ്രണയത്തിനു വേണ്ട എല്ലാ തോന്നലുകളും ഉണ്ടാകുമായിരുന്നു. പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു പ്രണയം തുറന്നു പറഞ്ഞത്.
ആളെ പുറകെ നടത്താനുള്ള ഇഷ്ടം കൊണ്ടും സുഹൃത്തുക്കളോട് പറയാനുള്ള താല്പര്യം കൊണ്ടും ആദ്യം ഒന്നും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നില്ല. പൊതുവേ ചായ ഇഷ്ടമല്ലാത്ത വിഷ്ണുവേട്ടൻ എനിക്ക് വേണ്ടി സ്കൂൾ വിട്ടു വരുമ്പോൾ ഒരുപാട് ചായ കുടിച്ചിട്ടുണ്ട്. ഒരു ദിവസം ഞാൻ അമ്മയുടെ ഫോണിൽ നിന്ന് വിളിച്ചു പറഞ്ഞു ഇനി എന്നെ കാത്ത് റോഡിൽ നിൽക്കരുത് അറിയാവുന്നവർ കണ്ടുകഴിഞ്ഞാൽ അച്ഛനോട് അമ്മയോടും പറയും പ്രശ്നമാകും എന്നൊക്കെ.
അത് വിഷ്ണുവേട്ടൻ കൃത്യമായി പാലിച്ചു. പിന്നീട് ഒരിക്കൽപോലും വഴിയിൽ വന്നു നിന്നില്ല. ഉള്ളിൽ ഒരു ഇഷ്ടം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആ വരവ് ഞാൻ മിസ്സ് ചെയ്യാൻ തുടങ്ങി. പിന്നെ ആള് മറ്റൊരാളുടെ പുറകെ പോയാലോ എന്ന പേടി ഉള്ളിൽ കിടന്നതുകൊണ്ട് പെട്ടെന്ന് തന്നെ എസ് പറയുകയായിരുന്നു.