ജാതകദോഷം മാറുന്നതിനും ബാധ ഒഴിയുന്നതിനുമായി ഝാര്‍ഖണ്ഡില്‍ 18 കാരിയെ പട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. മംഗ്ലി മുണ്ട എന്ന പെണ്‍കുട്ടിയെയാണ് ഗ്രാമ വാസികളും ബന്ധുക്കളും ചേര്‍ന്ന് തെരുവ് നായയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. നായയെ വിവാഹം കഴിയ്ക്കുന്നതോടെ പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ നായയെ ബാധിയ്ക്കുമെന്നും പെണ്‍കുട്ടി ശാപ വിമുക്തയാകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ ബാധ ഗോത്രവര്‍ഗത്തെ മുഴുവന്‍ ബാധിയ്ക്കുമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് ഗ്രാമത്തിലുള്ളവര്‍ ഇത്തരമൊരു കല്യാണത്തിന് തയ്യാറായത്. ഝാര്‍ഖണ്ഡിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്.
പട്ടിയെ വിവാഹം കഴിച്ചതില്‍ തനിയ്ക്ക് ദുഖമുണ്ടെന്നും ബാധയകന്നാല്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിയ്ക്കുന്ന പോലെ ഒരു രാജകുമാരന്‍ തന്നെ വിവാഹം കഴിയ്ക്കുമെന്നും മംഗ്ലി പറയുന്നു. വിവാഹത്തിന്റെതായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തതും ഇതിന് വേണ്ട പണം ചെലവഴിച്ചതും മംഗ്ലിയുടെ കുടുംബമാണ്. നവ വരനെ പോലെയാണ് തെരുവ് നായ വിവാഹ മണ്ഡപത്തിലേയ്ക്ക് ആനയിച്ചതും വിവാഹം നടത്തിയതും.
ക്ഷണിക്കപ്പെട്ട ബന്ധുക്കള്‍ക്കും,നാട്ടുകാര്‍ക്കുമൊക്കെ ലഘുസദ്യയും വിളമ്പി. വിവാഹശേഷം വധുവിനോപ്പം വരനായ നായയും മുറിയില്‍ അടയ്ക്കപ്പെടുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിക്കുന്നു.’ ഞാന്‍ ഈ വിവാഹത്തില്‍ ഒട്ടും സന്തുഷ്ടയല്ല. പക്ഷേ മുതിര്‍ന്നവരെ അനുസരിക്കാതെ വയ്യ’. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മംഗ്ലി പരസ്യമായി പറഞ്ഞു.
എല്ലാ ആചാരാനുഷ്ടാനത്തോടും കൂടിയാണ് ഈ വിവാഹം നടത്തിയത്. ഈ വിവാഹത്തോടു കൂടി മംഗ്ലി പൂര്‍ണ്ണമായും എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തയായിരിക്കുന്നു. അതുകൊണ്ടു തന്നെ അനുയോജ്യനായ ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ അവള്‍ സ്വതന്ത്രയായിരിക്കുന്നുവെന്നും മംഗ്ലിയുടെ അച്ഛന്‍ അമന്‍മുണ്ട പറഞ്ഞു. സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍ക്കു മാത്രമേ ഇത്തരമൊരു വിവാഹം നടത്താന്‍ കഴിയുകയുള്ളൂ. കാരണം ഒരു സാധാരണ വിവാഹത്തിന്റെ അത്രയും തന്നെ ചിലവുകള്‍ ഇതിനുമുണ്ട്.