മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന അതുല്യ നടൻ. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. പ്രായം മതിക്കാത്ത സൗന്ദര്യത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. പലപ്പോളും മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വാർത്തകളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, നടി സീനത്ത് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും ഒരു കഥാപാത്രമായി സീനത്ത് എത്തിയിരുന്നു. ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ അമ്മ ആയിട്ടായിരുന്നു സീനത്ത് എത്തിയത്. താൻ വണ്ണം കുറച്ചത് മമ്മൂട്ടി പറഞ്ഞിട്ടാണെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ സംസാരിക്കാൻ മടി ആയിരുന്നെന്നും വ്യക്തമാക്കുകയാണ് സീനത്ത്. മുഖത്ത് ഗൗരവവും മനസിൽ ചെറുപ്പവും അതാണ് മമ്മൂട്ടിയെന്നും സീനത്ത് പറഞ്ഞു. അടുത്ത കാലത്ത് കണ്ടപ്പോൾ വല്ലാതെ വണ്ണം വെച്ചിരിക്കുന്നത് കണ്ട് മമ്മൂട്ടി തന്നെ കളിയാക്കിയെന്നും സീനത്ത് പറഞ്ഞു.
എനിക്കും തോന്നി കുറച്ച് തടിയുണ്ട് കുറയ്ക്കണമെന്ന്. മമ്മൂട്ടി കളിയാക്കിയത് കൊണ്ടാണ് താൻ വണ്ണം കുറച്ചതെന്നും സീനത്ത് പറഞ്ഞു. മമ്മൂക്ക നല്ല ഭംഗി ആണല്ലോ കാണാൻ. ഞാൻ ചോദിച്ചു, മമ്മൂക്ക എന്ത് കഴിച്ചിട്ടാണ് ഇത്ര സൗന്ദര്യം എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ കഴിക്കുന്നതൊന്നും ഞാൻ കഴിക്കുന്നില്ല അത് കൊണ്ടാണെന്ന് പറഞ്ഞു. ഉച്ചയ്ക്ക് ഞാൻ നോക്കി മമ്മൂക്ക എന്താണ് കഴിക്കുന്നതെന്ന്. ഇഷ്ടം പോലെ ഭക്ഷണം കൊണ്ടു വന്നു. ഭക്ഷണം ഉണ്ടാക്കുന്ന ആൾക്കാരൊക്കെ കൂടെ ഉണ്ട്. നിറയെ സാധനങ്ങൾ മേശപ്പുറത്ത് നിരത്തി. ഇതാണോ പറഞ്ഞത് ഒന്നും കഴിക്കുന്നില്ലെന്ന് എന്റെ മനസ്സിൽകൂടെ പോയി.
കൂടെ ഇരിക്കുന്ന ആൾക്കാർക്ക് ഒക്കെ കാെടുക്കുന്നുണ്ട് മമ്മൂക്ക. മമ്മൂക്ക ബീഫ് എടുത്ത് കുടയും. അത് കഴിക്കും. വാരി വലിച്ച് കഴിക്കുന്നില്ല. ഇഷ്ടപ്പെട്ടത് കഴിക്കുന്നുമുണ്ട്. ഇഷ്ടമുള്ളതെല്ലാം കഴിക്കും പക്ഷെ ഇഷ്ടമുള്ള അത്രയും അളവിൽ കഴിക്കില്ലെന്നാണ് മമ്മൂട്ടി ഡയറ്റിൽ സ്വീകരിക്കുന്ന രീതി. പല ഘട്ടത്തിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തും. സിനിമയിലും അഭിനയത്തിലും മാത്രമല്ല സ്വകാര്യ ജീവിതത്തിലും ദിനചര്യയിലും വരെ മമ്മൂട്ടി ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഇടയ്ക്കിടെ തെളിയിക്കുന്ന താരം ഇന്നും 40 കളുടെ ചെറുപ്പത്തിലാണ്.
അഭിനേതാവ് എന്നതിനൊപ്പം തന്നെ മമ്മൂട്ടിയുടെ ശരീര ഭംഗിയും സിനിമാ ലോകത്ത് സംസാരമാണ്. എഴുപത് പിന്നിട്ട നടനെ കണ്ടാൽ 40 കാരനാണെന്നേ തോന്നൂ എന്നാണ് ആരാധകർ പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിൽ അത്ര മാത്രം ശ്രദ്ധയും നടൻ കാണിക്കുന്നുണ്ട്. വർക്ക് ഔട്ടിന് പുറമെ ചിട്ടയായ ഭക്ഷണ ക്രമമാണ് മമ്മൂട്ടിക്കുള്ളത്. ഇതേപറ്റി നേരത്തെ പലരും സംസാരിക്കുകയും ചെയ്തിരുന്നു.