അനു നായര്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് മനസ്സിലാവണം എന്നില്ല, എന്നാല്‍ സ്വന്തം സുജാതയിലെ റൂബി എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. സീരിയലില്‍ ഓരോ ദിവസവും വില്ലത്തരം കൂട്ടി കൂട്ടി കൊണ്ടുവരികയാണ് റൂബി. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജീവിതത്തില്‍ താന്‍ ചെയ്ത വില്ലത്തരത്തെ കുറിച്ചും സീരിയലിലെ വേഷത്തെ കുറിച്ചും റൂബിയായി എത്തുന്ന അനു നായര്‍ സംസാരിച്ചു.
സ്വന്തം സുജാതയുടെ സെറ്റ് ശരിയ്ക്കും നല്ല രസമാണ്. എല്ലാവരുമായും നല്ല ബന്ധമുണ്ട്. റീല്‍സ് എല്ലാം ഉണ്ടാക്കി കളിച്ച് രസകരമാണ് സെറ്റ്. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ സുജാതയിലുള്ളവരുമായിട്ടാണ് പിന്നെ കൂട്ട്. എല്ലാവരും ഒരു കുടുംബത്തെ പോലെയാണ്. വില്ലത്തി റോളും നന്നായി ആസ്വദിയ്ക്കുന്നുണ്ട്.
സീരിയലിലെ വില്ലത്തിരത്തിന്റെ ഉത്തരവാദി ഞാനല്ല. റൈറ്ററും ഡയറക്ടര്‍ സാറും പറയുന്നത് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ശീമാട്ടിയുടെ പരസ്യം കണ്ടിട്ട് ഉള്‍ട്ട എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതാണ് അഭിനയത്തിലെ തുടക്കം. പക്ഷെ കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത് സ്വന്തം സുജാത എന്ന സീരിയലിലെ റൂബി എന്ന വില്ലത്തി വേഷത്തിലൂടെയാണ്.
എന്റെ മകളെ ഇതുവരെ ഞാന്‍ സീരിയല്‍ കാണിച്ചിട്ടില്ല. വീട്ടില്‍ മറ്റുള്ളവര്‍ റോളിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അമ്മ ഇത്രയ്ക്ക് വില്ലത്തിയാണോ എന്ന് അവള്‍ ചോദിയ്ക്കും. അപ്പോള്‍ ഞാന്‍ പറയും നീ കാണണ്ട എന്ന്. റൂബി എന്ന കഥാപാത്രം അവിഹിത ബന്ധങ്ങളിലൂടെ എല്ലാം തുടര്‍ന്ന് പോകുന്നതാണ്. അത് മകള്‍ കാണണ്ട.
തനിക്ക് മൊത്തം എത്ര അവിഹിതം ഉണ്ടെന്ന് ഞാന്‍ ഇടയ്ക്ക് തിരക്കഥാകൃത്തിനോട് ചോദിക്കാറുണ്ടെന്നാണ് അനു പറയുന്നു. ‘ഈ ഷെഡ്യൂളില്‍ ഒരു അവിഹിതമാകും ഉണ്ടാകുക. പക്ഷെ അടുത്ത തവണ വരുമ്പോള്‍ മുന്‍പ് മറ്റൊരു അവിഹിതം ഉണ്ടായിരുന്നുവെന്നും അതിനു പത്ത് കൊല്ലം മുന്‍പ് മറ്റൊരണ്ണം ഉണ്ടായിരുന്നു എന്നും അറിയുന്നത്.’ അനു പറയുന്നു.
അങ്ങനെ കുറേയുണ്ട്. ഓരോ ഘട്ടം കഴിയുംതോറും കഥയും കഥാപാത്രങ്ങളും ഒക്കെ മാറി വരും. തുടക്കത്തില്‍ അതൊരു പ്രശ്‌നമായി തോന്നിയിരുന്നു. ആദ്യത്തെ എന്റെ അഭിനയവും ഇപ്പോഴുള്ള എന്റെ അഭിനയവും കാണുമ്പോള്‍ അത് മനസിലാകും. നല്ല വ്യത്യാസമുണ്ട്.
സുജാതയുടെ ഭര്‍ത്താവുമായി എനിക്ക് അവിഹിതം ഉണ്ട്. സുജാത എന്റെ മുന്‍പിലിരുന്ന് കരഞ്ഞതോര്ത്ത് ചില ദിവസങ്ങളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. അവരുടെ കരയുന്ന മുഖമായിരുന്നു മനസ്സില്‍. അതെനിക്ക് ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ അത് കഥാപാത്രങ്ങള്‍ ആണെന്നും ഈ ചെയ്യുന്നതൊന്നും ഞാനല്ല റൂബിയാണ് എന്നും മനസിലാക്കിയെന്നും അനു പറയുന്നു.