അനു നായര്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് മനസ്സിലാവണം എന്നില്ല, എന്നാല്‍ സ്വന്തം സുജാതയിലെ ജൂഹി എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. സീരിയലില്‍ ഓരോ ദിവസവും വില്ലത്തരം കൂട്ടി കൂട്ടി കൊണ്ടുവരികയാണ് ജൂഹി.
സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജീവിതത്തില്‍ താന്‍ ചെയ്ത വില്ലത്തരത്തെ കുറിച്ചും സീരിയലിലെ വേഷത്തെ കുറിച്ചും അനു നായര്‍ സംസാരിച്ചു. സ്വന്തം സുജാതയുടെ സെറ്റ് ശരിയ്ക്കും നല്ല രസമാണ്. എല്ലാവരുമായും നല്ല ബന്ധമുണ്ട്.
റീല്‍സ് എല്ലാം ഉണ്ടാക്കി കളിച്ച് രസകരമാണ് സെറ്റ്. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ സുജാതയിലുള്ളവരുമായിട്ടാണ് പിന്നെ കൂട്ട്. എല്ലാവരും ഒരു കുടുംബത്തെ പോലെയാണ്. വില്ലത്തി റോളും നന്നായി ആസ്വദിയ്ക്കുന്നുണ്ട്.
സീരിയലിലെ വില്ലത്തിരത്തിന്റെ ഉത്തരവാദി ഞാനല്ല. റൈറ്ററും ഡയറക്ടര്‍ സാറും പറയുന്നത് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ശീമാട്ടിയുടെ പരസ്യം കണ്ടിട്ട് ഉള്‍ട്ട എന്ന ചിത്രത്തിലേക്ക് വിളിച്ചു.
അതാണ് അഭിനയത്തിലെ തുടക്കം. പക്ഷെ കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത് സ്വന്തം സുജാത എന്ന സീരിയലിലെ ജൂഹി എന്ന വില്ലത്തി വേഷത്തിലൂടെയാണ്. എന്റെ മകളെ ഇതുവരെ ഞാന്‍ സീരിയല്‍ കാണിച്ചിട്ടില്ല.
വീട്ടില്‍ മറ്റുള്ളവര്‍ റോളിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അമ്മ ഇത്രയ്ക്ക് വില്ലത്തിയാണോ എന്ന് അവള്‍ ചോദിയ്ക്കും. അപ്പോള്‍ ഞാന്‍ പറയും നീ കാണണ്ട എന്ന്.
ജൂഹി എന്ന കഥാപാത്രം അവിഹിത ബന്ധങ്ങളിലൂടെ എല്ലാം തുടര്‍ന്ന് പോകുന്നതാണ്. അത് മകള്‍ കാണണ്ട. ജീവിതത്തില്‍ വില്ലത്തരം അധികം കാണിക്കാറില്ല.
എന്നാല്‍ കോളേജ് കാലത്ത് ചെയ്ത ഒരു കുസൃതി സീരിയസ് ആയി ഒരു കുട്ടിയുടെ പഠിപ്പ് നിര്‍ത്താന്‍ കാരണക്കാരി ആയതില്‍ ഇപ്പോഴും കുറ്റബോധമുണ്ട്. ഞങ്ങളുടെ ഗ്യാങിലെ ഒരു പാവം പയ്യനായിരുന്നു. കളിപ്പിക്കാന്‍ വേണ്ടി ഫോണില്‍ വിളിച്ച് ഇഷ്ടം പറഞ്ഞതാണ്. അവനത് സീരിയസ് ആക്കി എടുത്തു.
പിന്നീട് അത് ഞാനാണ് എന്നറിഞ്ഞപ്പോള്‍, എല്ലാവരും അറിഞ്ഞതില്‍ അവന് നാണക്കേടായി. അങ്ങനെ പഠിപ്പ് നിര്‍ത്തി പോയി. പക്ഷെ പിന്നീട് നന്നായി പഠിച്ച് ഇപ്പോള്‍ നല്ല ജോലി കിട്ടി എന്ന് അറിഞ്ഞു- അനു നായര്‍ പറഞ്ഞു.