തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് കാവേരി. ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം. കണ്ണാന്തുമ്പി പോരാമോയെന്ന ഗാനമാണ് കാവേരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് ആദ്യമെത്തുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായത്.
സംവിധായകയായി താരം തിരിച്ചെത്തുന്നുവെന്നുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. കാവേരിയുടെ വിവാഹമോചന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അഭിനേത്രിയായ സുചിതയുടെ സഹോദരനും സംവിധായകനുമായ സൂര്യ കിരണായിരുന്നു കാവേരിയെ വിവാഹം ചെയ്തത്.
തെലുങ്ക് സിനിമയില്‍ പ്രവേശിച്ചതിന് ശേഷമായാണ് സംവിധായകനായ സൂര്യ കിരണുമായി കാവേരി പ്രണയത്തിലായത്. 2010 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശരിയാണെന്ന് സ്ഥിരീകരിച്ചിരുന്നു സൂര്യ കിരണ്‍. തെലുങ്ക് ബിഗ് ബോസ് സീസണ്‍ 4 ല്‍ സൂര്യകിരണും മത്സരിച്ചിരുന്നു.
നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. കാവേരിയും താനും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കാവേരിയുടെ തിരിച്ചുവരവ് താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു സാധ്യതയുമില്ലെന്നുമായിരുന്നു സൂര്യ കിരണ്‍ പറഞ്ഞത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ. ഏതാണ്ട് 200 ലധികം സിനിമകളിൽ ബാലതാരമായി സൂര്യ കിരൺ വേഷമിട്ടിട്ടുണ്ട്.
അതേസമയം നടി കാവേരി സംവിധാനത്തിലേക്ക് കടക്കുകയാണ്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണെന്നാണ് സൂചന. ചിത്രത്തിന്‍റേതായി ഒരു ഹോളി ടീസർ പുറത്തിറക്കിയിട്ടുമുണ്ട്.
കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ സുഹാസിനി മണിരത്നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബരാജു, ബ്ലാക്ക് പാണ്ടി എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നു. മലയാളത്തിൽ നിന്നും സൗമ്യ മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നു. കാവേരി തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക.
അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി. ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് തെലുങ്കിൽ കാവേരി മുന്‍നിര നടിയായി പേരെടുത്തു.