മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കുക്കുവെന്ന സുഹൈദ്. അവതാരകനായും യൂട്യൂബ് വീഡിയോകളിലൂടെയും കുക്കുവും ഭാര്യ ദീപ പോളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തിയത്. എതിർപ്പുകളെ മറികടന്നായിരുന്നു വിവാഹമെന്ന് ഇരുവരും പറയുന്നു.
ചാവക്കാട് അഞ്ചങ്ങാടിയിലുള്ള അക്കാദമിയിലാണ് കുക്കു ഡാന്‍സ് പഠിച്ചിരുന്നത്. അവിടേക്ക് ഒരു കൊറിയോഗ്രാഫിക്കായി ദീപ വരികയായിരുന്നു. മാസ്റ്റർ കൊറിയോഗ്രഫി ചെയ്യാൻ കുക്കുവിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിയെ സൗഹൃദത്തിലായി. വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി.
ഇതിനിടയിൽ ദീപയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങിയതോടെ കുക്കു തന്റെ പ്രണയം പറയുകയായിരുന്നു. എന്നാൽ പരസ്പരം മനസ്സിലാക്കുന്നവരാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ചേരാത്തവരാണെന്നും അതുകൊണ്ട് സുഹൃത്തുക്കളായി തുടരാമെന്നുമായിരുന്നു ദീപയുടെ മറുപടി. പിന്നീട് കുക്കുവിന്റെ പ്രണയത്തിന് ദീപ സമ്മതം മൂളി. കുറച്ചു നാൾ കഴിഞ്ഞ് ദീപ ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചു.
അവർ എതിർത്തു. ദീപ ഉറച്ചു നിന്നതോടെ സ്വന്തം ഉത്തരവാദിത്തത്തിൽ മുന്നോട്ടു പോകാമെന്നായി നിലപാട്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം സ്വന്തം വിശ്വാസത്തിൽ തുടരുമെന്ന തീരുമാനം പ്രണയിക്കുമ്പോഴേ എടുത്തിരുന്നു. അതനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കുക്കുവും ദീപയും പറയുന്നു.
ഞങ്ങള്‍ മതപരമായി രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് പോവുന്നത്. കല്യാണത്തിന് മുന്നേയും പറഞ്ഞ കാര്യങ്ങളിലൂടെ തന്നെയാണ് ഞങ്ങള്‍ പോവുന്നത്. രണ്ടാളുടേയും വിശ്വാസം അതേപോലെ തുടരാമെന്ന് കല്യാണത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇപ്പോഴും അതങ്ങനെ തന്നെയാണെന്നും ഇരുവരും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഞങ്ങള്‍ രണ്ട് പേരും രണ്ട് തരത്തില്‍ നില്‍ക്കുന്നവരാണ്. മതത്തിന്റെ ആണെങ്കിലും സംസാരത്തിന്റെ ആണെങ്കിലും ചിന്തയുടെ ആണെങ്കിലും എല്ലാം. ഞാന്‍ ഭയങ്കര സയലന്റ് ആണ്. അധികം സംസാരിക്കില്ല. ദീപ ഒരുപാട് സംസാരിക്കും. എന്നിരുന്നാലും പിന്നീട് പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു. ഞാന്‍ എന്തെങ്കിലും നേടി വിജയിച്ച ശേഷം എന്റെ ജീവിതത്തിലേക്ക് വന്ന ആളല്ല ദീപ.
എന്റെ കഷ്ടപ്പാടിലും ഒപ്പം നിന്ന്, ആരും കാണാതെ വിജയത്തിലേക്ക് എത്തും വരെ കൂടെ നിന്ന ആളാണ്.- കുക്കു പറഞ്ഞു. ഞാന്‍ ക്രിസ്ത്യന്‍ ആണ് കുക്കു മുസ്ലീമാണ്. എല്ലാ ഇന്റര്‍ കാസ്റ്റ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങള്‍ ഞങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തിട്ടാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്ബയിലേക്ക് എത്തിയത്. രണ്ടു കുടുംബത്തിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ കുക്കുവിന്റെ കുടുംബം ഓക്കെ ആയി. പയ്യെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നും ദീപ പറഞ്ഞു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. പിന്നീട് ഉടൻ പണം 3.0 യുടെ അവതാരകനായി. കുക്കുവും ദീപയും ചേർന്ന് കെ.സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഡാൻസ് സ്കൂള്‍ നടത്തുന്നുണ്ട്.