തന്റെ സ്വകാര്യ ജീവിതം അങ്ങനെ പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത നടിയാണ് അമൃത റാവു. 2014ലാണ് അമൃത റാവുവിന്റെ കഴുത്തില്‍ അന്‍മോള്‍ താലി ചാര്‍ത്തുന്നത്. എന്നാല്‍ 2016ലാണ് വിവാഹിതരായ വിവരം ഇവര്‍ പുറംലോകത്തെ അറിയിക്കുന്നത്. പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവും ഒക്കെ മാധ്യമങ്ങളില്‍ നിന്നും ഇവര്‍ മറച്ചുവെച്ചു. 2020ലാണ് ആദ്യ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. അപ്പോള്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു അമൃത. ഇപ്പോള്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അനുഭവം പറയുകയാണ് ഇരുവരും. ഗര്‍ഭിണിയാകാനെടുത്ത തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് അമൃതയും ഭര്‍ത്താവും.
അമൃതയുടെയും അന്‍മോളിന്റെയും വാക്കുകള്‍ ഇങ്ങനെ.’വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. 2016 മുതലാണെന്നു തോന്നുന്നു ചികിത്സകള്‍ ആരംഭിച്ചത്. ഏകദേശം മൂന്നുവര്‍ഷത്തോളം പലതരം ചികിത്സകളും മാര്‍ഗ്ഗങ്ങളും തേടി. മുംബൈയിലെ പ്രഗല്‍ഭരായ പല ഗൈനക്കോളജിസ്റ്റുകളെയും കണ്ട് ചികിത്സിച്ചു, പക്ഷെ പ്രയോജനമുണ്ടായില്ല. പിന്നെ ഐ.യു.എഫ് എന്ന ചികിത്സാരീതി പരീക്ഷിച്ചു. അത് കുറച്ച് വേദനയും കഷ്ടപ്പാടുമൊക്കെ കുറവുള്ള ചികിത്സാരീതിയാണ്. എന്നാല്‍ അതും ഫലിച്ചില്ല. എന്നാല്‍ പിന്നെ ഐ.വി.എഫ് ആകട്ടെ എന്നു വിചാരിച്ചു. രണ്ട് പ്രാവശ്യം ഐ.വി.എഫ് കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു. കുഞ്ഞ് ഇല്ലെങ്കിലും സാരമില്ല ഐ.വി.എഫ് വേണ്ടേ വേണ്ട. പക്ഷെ, അപ്പോഴും ഡോക്ടര്‍മാര്‍ അമൃതയുടെത് ആരോഗ്യമുള്ള ശരീരമാണ്, ഗര്‍ഭിണിയാകും എന്ന് എപ്പോഴും പറയുമായിരുന്നു.
പിന്നെ വാടകഗര്‍ഭപാത്രത്തെക്കുറിച്ചുള്ള ചിന്തയായി. അതിനായി ഒരു സ്ത്രീയുടെ അടുത്ത് പോയിരുന്നു. അവരെ കണ്ട് സംസാരിച്ചു. തനിക്ക് അവരുടെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് അന്‍മോള്‍ പറയുന്നു. വാടകഗര്‍ഭധാരണത്തിന് കുറേയേറെ കടമ്ബകളുണ്ട്. അതൊക്കെ മനസ്സിലാക്കിയിരുന്നു. അതിന് വേണ്ടിയുള്ള ജോലികളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. നമുക്ക് സാധ്യമായതെല്ലാം ചെയ്യണമെന്ന് വിചാരിച്ചാണ് ഇതിനും ഇറങ്ങിപ്പുറപ്പെട്ടത്.
അങ്ങനെയിരിക്കെ ഒരുദിവസം ഡോക്ടര്‍ എന്നെ വിളിച്ചു. അമൃത ഇപ്പോള്‍ ഗര്‍ഭിണിയാണ്. ബേബിക്ക് ഹൃദയമിടിപ്പ് ഉണ്ടെന്ന് അതറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഞാന്‍ കുറേ പ്രതീക്ഷിച്ചു. പക്ഷെ, അപ്പോഴും അമൃത കൂളായിത്തന്നെയായിരുന്നു. പക്ഷെ, നിര്‍ഭാഗ്യമെന്നു പറയട്ടെ, അധികം വൈകാതെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചു എന്ന ദുഃഖവാര്‍ത്തയായിരുന്നു ഞങ്ങളെ തേടിവന്നത്. ആ നിമിഷം വളരെ വേദനാജനകമായിരുന്നു. ആയുര്‍വ്വേദം, ഹോമിയോപ്പതി എന്നീ ചികിത്സാരീതികളും ചെയ്തുനോക്കി. കുഞ്ഞിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്ന പ്രേരണയാണ് അന്ന് അങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ആയുര്‍വ്വേദം തന്റെ ശരീരപ്രകൃതിക്ക് ഒട്ടും പറ്റുന്നതല്ലായിരുന്നു. അത് നിര്‍ത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ.
അന്ന് ചെയ്ത ചികിത്സയെല്ലാം പരാജയപ്പെട്ടപ്പോള്‍ വലിയ നിരാശയിലാകേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു വിധി എങ്ങനെയോ അങ്ങനെ നടക്കുമെന്ന്, കുട്ടികള്‍ ഇല്ലാതെ ജീവിക്കേണ്ടി വന്നാല്‍ അതിനും മനസ്സിനെ പാകമാക്കിവെച്ചു. നമ്മള്‍ ഒന്ന് നിശ്ചയിക്കും ദൈവം മറ്റൊന്നായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്. എന്നിരുന്നാലും കര്‍മ്മത്തില്‍ വിശ്വസിക്കുന്നു. ചെയ്യാനുള്ളതൊക്കെ ചെയ്യുക, ബാക്കി ദൈവം തന്നുകൊള്ളും എന്ന ചിന്തയാണ് ഞങ്ങള്‍ രണ്ടുപേരെയും അന്ന് മുന്നോട്ടു നയിച്ചത്.
പിന്നീട് 2020-ന്റെ തുടക്കത്തില്‍ ഞങ്ങള്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ ബാലിയില്‍ പോയി. വളരെ രസകരമായിരുന്നു. ഒരുപാട് സന്തോഷിച്ച ദിനങ്ങളായിരുന്നു അത്. അതും കഴിഞ്ഞ് മാര്‍ച്ച് 11-നാണ് ഞങ്ങള്‍ വീണ്ടും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വിവരം അറിയുന്നത്. അതൊരു വിവരിക്കാന്‍ പറ്റാത്ത സന്ദര്‍ഭമായിരുന്നു. സന്തോഷം കൊണ്ട് എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഇതുവരെ ചെയ്ത ചികിത്സയുടെയൊന്നും ഫലം കൊണ്ടല്ല, പകരം ദൈവാനുഗ്രഹം കൊണ്ട് വളരെ സ്വാഭാവികമായി തന്നെ അമൃത ഗര്‍ഭിണിയായി. അതിന് ഞങ്ങള്‍ ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞു. അതിനുശേഷം 10 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ രാജ്യത്ത് ലോക് ഡൗണും പ്രഖ്യാപിച്ചു.