മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാര്‍ പഠാര്‍ സ്റ്റാര്‍ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിര്‍ത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.
താഴെ പടിയില്‍ നിന്നും ഉയര്‍ന്ന് വന്ന താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി. ഇന്ന് കാണുന്ന നിലയിലേക്ക് കരിയര്‍ കഷ്ടപ്പെട്ട് കെട്ടിപ്പെടുത്തതാണ് ലക്ഷ്മി. ചെറുപ്പം മുതല്‍ അവതാരികയാകാനുള്ള താത്പര്യമായിരുന്നു ലക്ഷ്മിക്ക്. പോയ വര്‍ഷമാണ് ലക്ഷ്മി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. നിരവധി പ്രേക്ഷകരാണ് ലക്ഷ്മിയുടെ വീഡിയോകള്‍ക്കുള്ളത്.
തന്നെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ നേരിട്ടെത്തി കണ്ട് സര്‍പ്രൈസ് നല്‍കാന്‍ ലക്ഷ്മി ശ്രമിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മരുന്നിനുമൊക്കെയായി ലക്ഷ്മി പ്രവര്‍ത്തിക്കുന്നുമുണ്ട്. അടുത്തിടെ ഒരു പൊതു പരിപാടിയില്‍ രണ്ട് വര്‍ഷമായി ലക്ഷ്മിയെ കാണാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി എത്തിയതും അവിടെ നിന്നും കരഞ്ഞതിന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത്തരത്തില്‍ പല അനുഭവങ്ങളും ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ ആരാധകന്‍ തന്റെ മുഖം നെഞ്ചില്‍ പച്ച കുത്തുന്നതിന്റെ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. തന്നെ സ്‌നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാംഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അങ്കറങ്ങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യ ശമ്പളത്തെ കുറിച്ചുമൊക്കെ ലക്ഷ്മി പറയുന്നുണ്ട്. നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം എന്നാണ് ലക്ഷ്മി പറഞ്ഞത്. ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തെന്നും താരം പറയുന്നു.
ലോക്കല്‍ ചാനലില്‍ അവതാരകരെ വേണമെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്. ചെറുപ്പത്തിലെ നല്ല ആക്ടീവായിരുന്നു, പാടുകയും അഭിനയിച്ച് കാണിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. 10ാം ക്ലാസിലെ വെക്കേഷന്‍ സമയത്തായിരുന്നു സംഗീത പരിപാടിക്ക് അവതാരകരെ തേടുന്നുവെന്ന പരസ്യം കണ്ടത്. അമ്മയോട് പറഞ്ഞപ്പോള്‍ ഇതൊന്നും നമുക്ക് വേണ്ട, അമ്മയ്ക്ക് ലിമിറ്റേഷന്‍സുണ്ട്, അച്ഛന്‍ ആ സമയത്ത് പുറത്തായിരുന്നു. അമ്മൂമ്മ അന്ന് ഞങ്ങള്‍ക്കൊപ്പമായിരുന്നു. അമ്മ അറിയാതെയായി അമ്മൂമ്മയാണ് ബയോഡാറ്റ അവിടെ എത്തിക്കുന്നത്. നല്ല പിന്തുണയായിരുന്നു അമ്മൂമ്മ. 15ാമത്തെ വയസിലാണ് ഞാന്‍ ജോലി ചെയ്ത് തുടങ്ങുന്നത്. വന്നവഴിയെക്കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.
ആദ്യമാസം 400 രൂപയാണ് ശമ്പളമായി ലഭിച്ചത്. 100 രൂപയ്ക്ക് തുടങ്ങിയ കരിയറാണ് ഇന്ന് ഇവിടെവരെ എത്തിനില്‍ക്കുന്നത്. അതിന് ശേഷം ജീവന്‍ ടിവി, കൈരളി വി, ഏഷ്യാനെറ്റ് പിന്നെയാണ് ഫ്ളവേഴ്സിലേക്ക് എത്തിയത്. ഫ്ളവേഴ്സാണ് എന്റെ ജീവിതം മൊത്തം മാറ്റിമറിച്ചതെന്ന് ഞാന്‍ പറയും. ജീവിതത്തില്‍ നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍, ഒരു കാര്യം സ്വപ്നം കണ്ടുകഴിഞ്ഞാല്‍ അതിലേക്ക് എത്താനുള്ള ഒരു ലക്ഷ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് അത് എത്തിപ്പിടിക്കാന്‍ പറ്റും. ലോക്കല്‍ ചാനലില്‍ ഷോ ചെയ്യുന്ന സമയത്ത് സാറ്റലൈറ്റ് ചാനലില്‍ പരിപാടി അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോട് പറയണം എങ്ങനെ എത്തുമെന്നറിയില്ല.
14 വര്‍ഷം കഴിഞ്ഞു. ചെറിയ പരിപാടികളിലൂടെയായി ഇന്നത്തെ ചിന്നുവിലെത്തി നില്‍ക്കുകയാണ്. ഇടയ്ക്ക് ഞാനൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമ ഓടിയില്ല. ജീവിതത്തിലൊരൊറ്റ സിനിമ ചെയ്താല്‍ മതി, ആങ്കറിങ്ങ് എനിക്കൊരിക്കലും ഉപേക്ഷിക്കാനാവില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഫ്ളവേഴ്സിലേക്ക് എത്തിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. 4 തവണ മിസ്സായതിന് ശേഷമായാണ് ടമാര്‍ പഠാറിലേക്കെത്തിയത്. മഞ്ഞപ്പിത്തം പിടിച്ച് സീരിയസായി കിടക്കുന്ന സമയത്തായിരുന്നു ആദ്യം കോള്‍ വന്നത്, പിന്നീട് വിളിച്ചപ്പോള്‍ ഞാന്‍ ദോഹയിലൊരു ഷോയിലായിരുന്നു. ഞാന്‍ തിരിച്ചെത്തുന്ന അന്നും അവര്‍ എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ഫ്ളവേഴ്സിലേക്ക് വന്നത്.