മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കവെയാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് ഗായികയുടെ വിവാഹമോചന വാര്‍ത്തകളാണ്.
വിവാഹ മോചനത്തിന്റെ കാര്യങ്ങള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് വിജയലക്ഷ്മി. ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ചെടുത്തതാണെന്നും കഴിഞ്ഞ കാര്യങ്ങളോര്‍ത്ത് ഇപ്പോള്‍ ദുഃഖമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വിവാഹമോചനത്തെ കുറിച്ച് വിജയലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ… ”’ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികള്‍ക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാന്‍ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന.
അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തില്‍ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവര്‍ ഇല്ലാതെ എനിക്കൊരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. എനിക്ക് ഓവറിയില്‍ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ വേണ്ടി വന്നു. അത് കാന്‍സര്‍ ആണെന്ന് പറയുകയും അത് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു. ഓവറില്‍ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകള്‍ക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.
ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ല. പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാന്‍ കഴിയാതെയായി. അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയായത്. 2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്. ഈ വര്‍ഷം ജൂണില്‍ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി ഞങ്ങള്‍ നിയമപരമായി രണ്ടുവഴിക്കായി. കഴിഞ്ഞുപോയതോര്‍ത്ത് ദുഃഖമില്ല. ഇപ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കാന്‍ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി.