ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് വിജയിച്ച സന്തോഷത്തിലാണ് നടന്‍ വിനോദ് കോവൂര്‍. 2019-ലായിരുന്നു വിനോദ് കോവൂരിന്റെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിരുന്നത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ വീണ്ടും നടത്തേണ്ടതുണ്ട്. അതിനാല്‍ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിച്ചു. ലൈസന്‍സ് പുതുക്കുന്നതിന് വീണ്ടും ടെസ്റ്റുകള്‍ എടുക്കണമെന്ന് പറഞ്ഞ് അവര്‍ ഫീസ് ഇനത്തില്‍ 6300 രൂപ തന്റെ പക്കല്‍ നിന്ന് വാങ്ങിച്ചുവെന്ന് വിനോദ് പറഞ്ഞു.
അതിന് ശേഷമിവര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാരഥി വെബ്‌സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിന് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്വേഡും ചോര്‍ത്തിയെടുത്ത് ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ യൂസര്‍ നെയിം ഉപയോഗിച്ച് നാല് തവണ ലോഗിന്‍ ചെയ്‌തെന്ന് കാണിച്ച് എം.വി.ഐയുടെ മൊബൈലില്‍ മെസേജ് വന്നു, ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. പിന്നാലെ എം.വി.ഐ, ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി. അതിന് പിന്നാലെയാണ് വിഷയം വിവാദമായത്. ഇപ്പോള്‍ ലൈസന്‍സ് ടെസ്റ്റ് വിജയിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍.
‘നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം പുതിയ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കഴിഞ്ഞ 15 വര്‍ഷമായി കാറും ബൈക്കും ഓടിക്കുന്ന ഞാന്‍ നിയമം അനുസരിച്ച് നാളെ കാലത്ത് എംവിഐയുടെ മുമ്പില്‍ ഒരിക്കല്‍ കൂടി കാറും ബൈക്കും ഓടിക്കുന്നു, അടുത്ത ദിവസം പുതിയ ലൈസന്‍സ് കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ’, കഴിഞ്ഞ ദിവസം നടന്‍ വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. ഇന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസായി. തന്റെ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വിനോദ് ലൈസന്‍സ് പുതുക്കാന്‍ നല്‍കിയത്. എന്നാല്‍ അതിനു പിന്നാലെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഒരു വാഹനവും ഓടിച്ചിട്ടില്ലെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.
ലൈസന്‍സ് കാലാവധി അവസാനിച്ചിരിക്കുന്നതിനാല്‍ യാതൊരു കാരണവശാലും വാഹനം ഓടിക്കരുതെന്ന് അഭിഭാഷകന്‍ കൂടിയായ സഹോദരന്‍ കര്‍ശന നിര്‍ദേശം നല്‍കിയതുകൊണ്ടാണിതെന്ന് വിനോദ് പറഞ്ഞു. ഷൂട്ടിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും പോകാനായി ട്രെയിനിലും ബസിലും ടാക്സികളിലുമായായിരുന്നു യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ 9 മാസങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് താരത്തിന്റെ വാക്കുകള്‍.
ലൈസന്‍സ് ലഭിച്ചിട്ട് കാലങ്ങള്‍ ആയെങ്കിലും ഇതുവരെ തന്നോട് ആരും ലൈസന്‍സ് ചോദിച്ചിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ താന്‍ ഓടിച്ചിരുന്ന വാഹനം ഒരു അപകടത്തില്‍ പെട്ടു. ഇന്‍ഷുറന്‍സ് ആവശ്യത്തിനായി ലൈസന്‍സ് ഹാജരാക്കിയപ്പോഴാണ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ കാര്യം അറിഞ്ഞത്. അതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ലൈസന്‍സ് പുതുക്കല്‍ തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത് അങ്ങനെയാണ്. ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുന്നു.