സോഷ്യൽ മീഡിയയിലെ സജീവ ബ്യുട്ടി കണ്ടന്റ് താരമാണ് ഗ്ലാമി ഗംഗ. യൂട്യൂബിൽ മേക്കപ്പ് വീഡിയോകളും മറ്റുമായി നിറഞ്ഞു നിൽക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗക്ക് സോഷ്യൽമീഡിയയിൽ വളരെയധികം ആരാധകരാണ് ഉള്ളത്. ഈ അടുത്ത് തന്റെ ജീവിത കഥ തുറന്ന് പറഞ്ഞ് ഗംഗ വാർത്തകളിൽ ഇടം നേടിയിരുന്നു.
ധന്യ വർമ്മയുമായിട്ടുള്ള ഗ്ലാമി ഗംഗയുടെ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ എവിടെയും പറയാത്തൊരു കാര്യമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്. അച്ഛന്റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല.
അമ്മയുണ്ട്. പക്ഷെ അമ്മ എപ്പോഴും സങ്കടത്തിലാണ്. അച്ഛനോട് പറയാനുള്ള സൗഹൃദമോ സ്നേഹമോ അച്ഛനോടും ഇല്ലായിരുന്നു. സാധാരണ പെൺകുട്ടികൾക്ക് എന്തൊരു ആവശ്യം വരുമ്പോഴും ചെന്ന് പറയുന്നയാൾ അച്ഛനാണ്. പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നയാൾ അച്ഛനാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇന്നും ആ സുരക്ഷിതത്വം ലഭിച്ചിട്ടില്ല. എനിക്ക് ഇന്നും ആ ഇൻസെക്യൂരിറ്റിയെ ഉള്ളൂ. അച്ഛൻ എനിക്ക് തന്നിട്ട് പോയ ഒന്നാണ് അത്.
അന്ന് ആ ചൈൽഡ് അഭ്യൂസ് ഉണ്ടായപ്പോൾ ഞാൻ പഠിച്ച കാര്യമാണ് എനിക്ക് ആരുമില്ല എന്നത്. സംഭവം നടന്ന് കഴിഞ്ഞപ്പോൾ എനിക്ക് നല്ല വേദന ഉണ്ടായിരുന്നു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സംഭവം നടന്ന ഉടനെ ഞാൻ അവിടെ നിന്നും ഇറങ്ങിയോടി. എന്റെ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ ബഹളം നടക്കുകയായിരുന്നു. അപ്പോൾ ഞാൻ ചെന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞാൽ, പുള്ളിക്കാരൻ എന്നെ അടിച്ചാലോ എന്നതായിരുന്നു എന്റെ പേടി.
അമ്മയോടും പറയാനും പേടി. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്ന ചിന്ത. നാലാം ക്ലാസിൽ ആണെങ്കിലും ഞാൻ അന്ന് ഇതെല്ലാം ചിന്തിച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് ഷോക്കായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ പറഞ്ഞ് അമ്മ വിഷമിച്ചു. അതല്ലാതെ എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്.
എന്റെ പാസ്റ്റ് എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ആ ട്രോമയിലൂടെയാണ് ഞാൻ ഇപ്പോഴും കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. ഒരാൾ അടുത്ത് വന്നിരുന്നാൽ എനിക്ക് പേടിയാകും. ഒരാൾ ഒരു കൊച്ചിനെയും എടുത്ത് നിൽക്കുന്നത് കണ്ടാലും അയാൾ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ട്..