in

പിറന്നാൾ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, ആശംസകളുമായി ആരാധക ലോകം

ks chitra

മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടേയും രണ്ടാമത്തെ പുത്രിയായി 1963 ജുലൈ 27ന് കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

പ്രീയ ​ഗായിക ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനമാണ്. 1979 ലാണ് അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണൻ ഒരുക്കിയ ചെല്ലം… ചെല്ലം.. എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കെ എസ് ചിത്ര സിനിമ പിന്നണിഗാന രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. ചിത്രയുടെ സ്വരമാധുര്യം ആദ്യമായി മലയാളി സിനിമയിലൂടെ കേട്ട് തുടങ്ങിയത് പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന സിനിമയിലൂടെയായിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിലാണ് ആ ഗാനവും ഒരുങ്ങിയത്.

മലയാളിയുടെ പിറന്നാൾ മധുര നിമിഷങ്ങളിലും മറ്റെല്ലാ ആഘോഷ നിമിഷങ്ങളിലും നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് ഒഴുകിയെത്താറുള്ള ആ സ്വരമാധുര്യത്തിന് .. മലയാളിയുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ