in

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

kts-padannayil

പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.

നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. 50 വർഷത്തോളം നാടകരംഗത്ത് അഭിനയി ച്ചിരുന്ന പടന്നയിൽ വൈക്കം മാളവിക, കൊല്ലം ട്യൂണ, ചങ്ങനാശേരി ഗീഥ, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങീ ഒട്ടേറെ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്നു.

140-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ആണ് ആദ്യ ചിത്രം. 1956-ൽ ‘വിവാഹ ദല്ലാൾ’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ഭാര്യ രമണി, മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാജൻ.