in

ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഓര്‍ക്കും ഭക്ഷണ മേശയില്‍ തലകുനിഞ്ഞിരിക്കേണ്ടി വന്ന അന്നത്തെ 15 കാരിയെ: ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

ബോഡി ഷെയ്മിങ് നടത്തുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും മാനസികമായി തളര്‍ത്തുന്ന ഒരു കാര്യം തന്നെയാണ് വളരെ മെലിഞ്ഞിരിക്കുന്നവരും തടി ഉള്ളവരും നിറം കുറവുള്ളവരും എല്ലാം ബോഡി ഷെയ്മിങ് നെറ ഭാഗമായിട്ടുള്ള വരാണ്. ഒരു വ്യക്തിയുടെ മനസിനെ എത്രമാത്രം അസ്വസ്ഥമാക്കുമെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി കുറിക്കുകയാണ് ആഷ്മി സോമന്‍ സോഷ്യല്‍ മീഡിയയിലൂടെ. തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മള്‍ കളിയാക്കി ചിരിക്കുമ്പോള്‍ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക.ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലര്‍ക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാന്‍ നിങ്ങളുടെ ആ തമാശ മാത്രം മതിയാകുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.

കുറിപ്പ് വായിക്കാം :

നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ…’ 12 വര്‍ഷം മുന്‍പ് ഒരു പെരുന്നാള്‍ കാലത്ത് കൂട്ടുകാരിയുടെ വീട്ടില്‍ പോയപ്പോള്‍ എന്റെ നെഞ്ചില്‍ ആഞ്ഞു കുത്തിയ വാക്കുകളാണ്..ഇന്നും ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയും.ആവശ്യത്തിലധികം തടിയുണ്ടായിരുന്ന പത്താംക്ലാസ്‌കാരിയുടെ ആത്മാഭിമാനം വ്രണപ്പെടുത്താന്‍ മാത്രം ശക്തിയുണ്ടായിരുന്നു കൂട്ടുകാരിയുടെ മാമന്റെ ആ തമാശക്ക്..ഇഷ്ടപ്പെട്ട വസ്ത്രമൊന്നും തുണി കടയില്‍ നിന്ന് കിട്ടാതെ, തുണികടകള്‍ മാറി മാറി നടന്ന് ക്ഷീണിച്ച് അവസാനം തുണി വാങ്ങി തയ്ച്ച് ഇടേണ്ടി വന്നിരുന്ന കൗമാരക്കാരിക്ക്, ആള് കൂടുന്നിടത്ത് പോകാന്‍ പോലും തോന്നാത്തവിധത്തില്‍ ആഴത്തില്‍ ഉണ്ടാക്കിയ മുറിവായിരുന്നു അയാളുടെ ആ തമാശ.എന്റെ കൗമാരകാലത്തെ ഫോട്ടോകളില്‍ അധികവും ഞാന്‍ ചിരിക്കാതെ നില്‍ക്കുന്നതാണ് കൂടുതല്‍ കണ്ടിട്ടുള്ളത്.. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അന്ന് മടി ആയിരുന്നു.

പിന്നെയും എത്ര കാലങ്ങള്‍ എടുത്താണ് ഈ ബോഡി ഷെയിമിങ്ങുകളെ നേരിടാനുള്ള ധൈര്യമെങ്കിലും കിട്ടിയത്.. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയത്.കാലമിത്ര കഴിഞ്ഞിട്ടും ഞാനിന്നും ആ ദിവസം മറക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അന്ന് ആ 15 വയസ്സുകാരി എത്ര വേദനിച്ചിട്ടുണ്ടാകും.ചെറുപ്രായത്തില്‍ മനസ്സിലേല്‍ക്കുന്ന മുറിവ് എത്ര കാലം കഴിഞ്ഞാലും ഉണങ്ങാന്‍ പാടാണ്…
ഇന്നിങ്ങനെ ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഞാന്‍ ഓര്‍ക്കും അന്ന് ആ ഭക്ഷണ മേശയില്‍ തലകുനിഞ്ഞിരിക്കേണ്ടി വന്ന ആ 15 വയസ്സുകാരിയെ..തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മള്‍ കളിയാക്കി ചിരിക്കുമ്പോള്‍ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക…ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലര്‍ക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാന്‍ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും..