രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിനോടനുബന്ധിച്ച് ഗായിക കെ എസ് ചിത്ര സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വിവാദമായതോടുകൂടി പിന്തുണ അർപ്പിച്ച് നടി കൃഷ്ണ പ്രഭ രംഗത്ത്. ചിത്ര എന്ത് ചെയ്തത് എന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാകുന്നില്ലെന്നും രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും അത് ഓർക്കുന്നത് ചിലർ നല്ലതായിരിക്കുമെന്നും കൃഷ്ണപ്രഭ സമൂഹമാധ്യമത്തിലൂടെ എഴുതി.
താരത്തിന്റെ വാക്കുകൾ : ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!
രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വിമർശിക്കാം.. അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ. തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം