മലയാള സിനിമ പ്രേമികള്‍ ആഘോഷിച്ച ചിത്രമായിരുന്നു പോക്കിരി രാജ. പോക്കിരിയായ ചേട്ടനും കില്ലാടിയായ അനുജനുമായി മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച ചിത്രം. ഇന്ന് 70-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആദ്യമെത്തിയ നടന്മാരില്‍ ഒരാള്‍ പൃഥ്വിരാജ് തന്നെയാണ്. എഴുപതിന്റെ ‘ചെറുപ്പം’ കാത്തുസൂക്ഷിക്കുന്ന മമ്മുക്കയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ പൃഥ്വി ആശംസ നേര്‍ന്നു.
മമ്മുക്കയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകള്‍ ചുവടെ:
‘എന്റെ കയ്യില്‍ ഇതിലും മികച്ച ഒരു ഫോട്ടോ ഇല്ല.. എന്തെന്നാല്‍ ബിരിയാണിയും കട്ടന്‍ചായയും നിറയുന്ന ആ ഉച്ചനേരങ്ങളില്‍ പലപ്പോഴും അക്കാര്യം മറന്നുപോകും. എന്നാല്‍ സ്വപ്നം കാണുന്ന ദശലക്ഷക്കണക്കിന് പേര്‍ക്കും അഭിനയമോഹം കൊണ്ടുനടക്കുന്നവര്‍ക്കും എന്ന പോലെ താങ്കള്‍ എനിക്ക് എത്രമാത്രം പ്രധാനമാണ് എന്ന കാര്യം ഒരുപക്ഷെ താങ്കള്‍ അറിയുന്നുണ്ടാവില്ല. മറ്റെന്തിനേക്കാളും, ചാലുവിനും സുര്‍മി ചേച്ചിക്കും നന്ദി! ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു.. ലോകം താങ്കളെ സ്‌നേഹിക്കുന്നു! ജന്മദിനാശംസകള്‍ ഇക്ക!’
പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച സിനിമയായിരുന്നു പതിനെട്ടാം പടി. എന്നാല്‍ ഇതില്‍ ഇരുവരുടെയും കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ട്വന്റിട്വന്റിയും ഇതുപോലൊരു ചിത്രമായിരുന്നു. ഇതില്‍ സൂപ്പര്‍ താരങ്ങള്‍ അഞ്ചു പേരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ഡാന്‍സ് രംഗത്തില്‍ മാത്രം എത്തി പോവുകയായിരുന്നു.