ഈ വർഷം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ. ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായുള്ള ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. കാത്തിരിപ്പുകൾക്കൊടുവിൽ ലിയോ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ ‘ലിയോ’ യിൽ മലയാളികളെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരെ മുഴുവൻ അദ്ഭുതപ്പെടുത്തിയ അതിഥി വേഷമായിരുന്നു മഡോണ സെബാസ്റ്റ്യന്റേത്. ചിത്രത്തിന്റെ റിലീസ് വരെ ലോകേഷ് രഹസ്യമായി സൂക്ഷിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മഡോണയുടെ എലിസാ ദാസ് എന്ന കഥാപാത്രം. ലോകേഷിനെപ്പോലെ തന്നെ മഡോണയും തന്റെ ഈ കഥാപാത്രം അതീവരഹസ്യമാക്കി വച്ചു. താൻ ‘ലിയോ’യിൽ അഭിനയിച്ച കാര്യം മഡോണ ആകെ പറഞ്ഞത് സ്വന്തം അമ്മയോട് മാത്രമാണ്.
ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിേശഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഡോണ. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മഡോണയുടെ വെളിപ്പെടുത്തൽ. മഡോണയുടെ വാക്കുകൾ ഇങ്ങനെയാണ്…. ‘‘ഞാൻ അങ്ങനെ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് തന്നെ ‘ലിയോ’യിൽ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിനു മുമ്പു വരെ ലോകേഷിനോടു ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്. ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയി.
എന്നെ സംബന്ധിച്ചടത്തോളം ‘ലിയോ’ ഒരു ഭാഗ്യമാണ്. എന്റെ എൻട്രിയൊക്കെ ലോകേഷ് ബ്രില്യൻസ് ആണ്. സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ ഒരു വൺലൈൻ മാത്രമാണ് പറഞ്ഞത്. അതെന്തു കഥാപാത്രമെന്നോ എന്താണ് ഞാൻ സിനിമയിൽ ചെയ്യേണ്ടതെന്നോ ഒന്നും പറഞ്ഞിരുന്നില്ല. സെറ്റിെലത്തിയപ്പോഴാണ് അതു ചെയ്യാമോ ഇത് ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നത്. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ, ഇത് ചെയ്യാൻ പറ്റുമോ എന്ന് ആലോചിച്ച് വിഷമിച്ചേനെ. ഇതിപ്പോൾ ആ ഫ്ലോയിൽ അങ്ങ് പോകുകയായിരുന്നു. രണ്ടു വർഷം മുൻപ് ഒരു മാസം ട്രെയിനിങ് ലഭിച്ചിരുന്നു. ആക്‌ഷൻ ട്രെയിനിങ് ആയിരുന്നു, അൻപറിവ് മാസ്റ്റേഴ്സ് ഉണ്ടായിരുന്നു.
വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതു തന്നെ വലിയ കാര്യം. അതിപ്പോൾ എത്ര ചെറിയ വേഷമാണെങ്കിലും ഒന്നും നോക്കാതെ ഞാൻ അഭിനയിക്കും. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്. ഒരു പാവം, സാധാരണ അനിയത്തി ആയിരിക്കുമോ എന്ന ചിന്തയൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. ചെന്നൈയിൽ എത്തി ലോകേഷ് എന്നോടു കഥ പറഞ്ഞു. അതോടെ ആകാംക്ഷയായി. നാ റെഡി താൻ സോങ് ആണ് ആദ്യം ഷൂട്ട് ചെയ്തത്. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു.
‘ലിയോ’യിൽ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല. എന്നാൽ റിലീസിനു കുറച്ചു നാളുകൾക്കു മുമ്പ് ഞാൻ അഭിനയിക്കുന്ന കാര്യം പുറത്തുവന്നിരുന്നു. അപ്പോൾ ചോദിച്ചവരോടൊക്കെ ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഞാൻ പറഞ്ഞത്. എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. അതിന് അവസരങ്ങൾ ലഭിക്കണം. ഇതുപോലുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നതാണ് ആഗ്രഹം.