സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 2022ൽ ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
ഇപ്പോഴിതാ ഗായകനായും തന്റം സാന്നിധ്യം തെളിയിച്ചിരിക്കുകയാണ് ധ്യാൻ. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലെ ‘കൊന്നടി പെണ്ണേ’ എന്ന ഗാനമാണ് ധ്യാൻ ആലപിച്ചത്. സ്റ്റുഡിയോയിൽ ഗാനം ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ധ്യാനിന്റെ ചേട്ടനും സിനിമപ്രവർത്തനുമായ വിനീത് ശ്രീനിവാസൻ പിന്നണി ഗാനകനായാണ് ആദ്യം മേഖലയിലേക്ക് എത്തിയത്. പിന്നീടാണ് നടനായും സംവിധാനയകനായുമൊക്കെ മികവ് തെളിയിച്ചത്.
എവിടെയൊക്കെയോ വിനീത് ശ്രീനിവാസിന്റെ ശബ്ദവുമായി സാമ്യം തോന്നുന്നു എന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഫോക്ക് സ്റ്റൈലിലുള്ള ഗാനം വളരെയധികം ആസ്വദിച്ചാണ് ധ്യാൻ പാടുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നൽകിയത്.
വിജേഷ് പനതൂർ, ഉണ്ണി വെള്ളോര എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ, നവാസ് വള്ളിക്കുന്ന്, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.