ഇന്റിമേറ്റ് സീനുകള്‍ മലയാള സിനിമകളില്‍ കണ്ടാല്‍ സൈബര്‍ ആക്രമണം മുഴുവന്‍ നടക്കുന്നത് നടികള്‍ക്ക് നേരെയാണ്. ആ സീനില്‍ അഭിനയിച്ച നടന്മാര്‍ക്ക് പ്രശ്‌നങ്ങളില്ല. സദാചാര ആക്രമണങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ക്ക് നേരെയാണ്.
ഇന്റിമേറ്റ് സീനുകളും ലിപ്പ് ലോക്ക് സീനിനെയും തുടര്‍ന്ന് നടി ദുര്‍ഗ കൃഷ്ണയ്ക്കും സ്വാസികയ്ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കുടുക്ക് 2025 എന്ന ചിത്രത്തിലെ ലിപ്പ് ലോക്ക് രംഗങ്ങളാണ് ദുര്‍ഗ്ഗയെ വിമര്‍ശനത്തിരയാക്കിയത്. ചതുരം സിനിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് സ്വാസികയും വിവാദത്തിലായത്.
ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗയും സ്വാസികയും. കുടുക്ക് ചിത്രത്തില്‍ ദുര്‍ഗ നടന്‍ കൃഷ്ണ ശങ്കറിനൊപ്പമാണ് ലിപ്പ്‌ലോക്ക് സീനുകള്‍ ചെയ്തത്. ഒരു ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നത് കോമഡി, ഫൈറ്റ്, ഇമോഷണല്‍ സീന്‍ എന്നിവ ചെയ്യുന്നത് പോലെ തന്നെയുള്ളു എന്നും ദുര്‍ഗ പറയുന്നു.
എന്റെ തൊഴിലാണ് ഞാന്‍ ചെയ്യുന്നത്. ബാക്കി സീനുകള്‍ പോലത്തന്നെയാണ് എനിക്ക് ഇന്റിമേറ്റ് സീനും. ഒരു ഇന്റിമേറ്റ് സീനോ, ലിപ്പ് ലോക്ക് സീനോ ഫൈറ്റ് സീനും ഇമോഷണല്‍ സീനും കോമഡി സീനും പോലെ സാധാരണമാണ്. അത് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഇവിടത്തെ സെക്ഷ്വല്‍ റെസ്ട്രിക്ഷന്‍ കൊണ്ടായിരിക്കാം വിമര്‍ശനങ്ങള്‍ നടക്കുന്നതെന്നും ദുര്‍ഗ പറയുന്നു.
വിവാദങ്ങളില്‍ പേടിയില്ലെന്ന് സ്വാസികയും പറയുന്നു. എ ഗ്രേഡ് എന്ന വിഭാഗത്തിലെ നല്ല സിനിമയാണ് ചതുരം. നമ്മള്‍ കേട്ട് കണ്ട് മടുത്ത കാര്യങ്ങളാണ്. പേടിച്ചിരുന്നാല്‍ നമ്മള്‍ക്കാണ് നഷ്ടം. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയ്ക്ക് നമ്മള്‍ക്ക് കിട്ടുന്ന നല്ല കാരക്ടര്‍ ആയിരിക്കും പേടിച്ച് കളഞ്ഞാല്‍ നഷ്ടമാകുന്നതെന്നും സ്വാസിക പറയുന്നു.
ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനെയും കുടുംബാംഗങ്ങളേയുമെല്ലാം ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇഷ്ടമുള്ള കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കാന്‍ ഒരു നായകനുള്ള സ്വാതന്ത്ര്യം തനിക്കും കിട്ടണമെന്ന് ദുര്‍ഗ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്.
തന്റെ പേര് യൂട്യൂബില്‍ അടിച്ച് നോക്കിയാല്‍ ഉടലിലേയും കുടുക്കിലേയും ഇന്റിമേറ്റ് രംഗങ്ങളാണ്. സിനിമയില്‍ ഞാന്‍ ചുംബിക്കുന്നത് വായുവിലല്ല. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വായുവിലല്ല ഞാന്‍ ചുംബിക്കുന്നത്. എന്റെ ഓപ്പോസിറ്റ് മറ്റൊരു അഭിനേതാവുണ്ട്.
പുരുഷനായത് കൊണ്ട് മാത്രം അവര്‍ക്കെതിരെ ആരും ഒന്നും പറയുന്നില്ല. അവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം എനിക്കും കിട്ടണമെന്നും ദുര്‍ഗ പറയുന്നു. മണിരത്നം സാറിന്റെ സിനിമയാണ് എന്റെ സിനിമ. ഒരു ലിപ് ലോക്ക് ഉണ്ടെന്ന് കരുതി അത്തരമൊരു അവസരം വന്നാല്‍ അതുപേക്ഷിക്കണമെന്നുണ്ടോ, ലിപ് ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ സ്റ്റണ്ട് രംഗങ്ങളും ചെയ്തിട്ടുണ്ട്.
അതേക്കുറിച്ചൊന്നും ആരും പറയില്ല. അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള കാര്യമല്ല. കുടുംബാംഗങ്ങള്‍ക്ക് നേരെയും പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ, എന്നെ വിറ്റ് ജീവിക്കുകയാണോയെന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍.
എല്ലാത്തിലും പിന്തുണയുമായി ഭര്‍ത്താവ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്നങ്ങളൊന്നുമില്ല. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ തുടരുമ്പോള്‍ ഇനി അഭിനയിക്കേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ കരിയറും സ്വപ്നവും ഇല്ലാതെയാവും.
നയന്‍താരയുടെ വിവാഹചിത്രത്തിന് താഴെ വന്ന വിമര്‍ശനങ്ങള്‍ കണ്ടതല്ലേ, ഒരു പുരുഷനാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ആശംസകളായിരിക്കും. സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളാണ് കൂടുതലും കാണാറുള്ളത്. ഞങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്, അവയെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നാല്‍ അതിനെതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു ദുര്‍ഗ പറഞ്ഞത്.