ചായക്കട നടത്തി ലഭിക്കുന്ന കാശുകൊണ്ട് വിദേശരാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച കൊച്ചിയിലെ വിജയൻ ചേട്ടനെയും മോഹനാമ്മയെയും ഏവർക്കും സുപരിചിതമാണ്. എന്നാൽ അടുത്തിടെ ആയിരുന്നു ജീവിത യാത്ര അവസാനിപ്പിച്ച് വിജയൻ ജീവിതത്തിൽനിന്നും യാത്രയായത്. അദ്ദേഹത്തിൻറെ മരണം സംഭവിച്ചിട്ട് നാലുമാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭർത്താവിൻറെ ആഗ്രഹ സഫലീകരണത്തിന് ആയി 70 കാരിയായ മോഹന തയ്യാറെടുത്തിരിക്കുകയാണ്. അതും ജപ്പാനിലേക്ക് ഉള്ള യാത്രയ്ക്കായി. ജപ്പാൻ ടൂർ എന്ന മോഹം ബാക്കി വെച്ച് യാത്രയായ വിജയൻറെ ഭാര്യയായ മോഹന ഇപ്പോൾ വിജയൻറെ ആഗ്രഹം സാധിക്കുവാൻ ആയി ശ്രമിക്കുകയാണ്. തോമസ് ഗ്രൂപ്പ് ആണ് മോഹനയുടെ വിദേശയാത്രയ്ക്കുള്ള എല്ലാ ചെലവുകളും നിർവഹിക്കുന്നത്. ഈ ദമ്പതികളുടെ യാത്രകൾ കണ്ട ഊർജ്ജിതരായി നിരവധി പേരാണ് ജീവിതം യാത്രകൾക്കായി മാറ്റി വെച്ചിട്ടുള്ളത്. ജീവിതത്തിലെ സമ്പാദ്യത്തിൽ ഒരു വിഹിതം ഇരുവരും യാത്രകൾക്കായി ആണ് മാറ്റിവയ്ക്കാറുള്ളത്. ആഗ്രഹങ്ങൾ മനസ്സിൽ വച്ച് പൂട്ടാൻ ഉള്ളതല്ല. അത് സാധിച്ചെടുക്കാൻ ഉള്ളതാണ് എന്ന് തെളിയിച്ച രണ്ട് പേരാണ് വിജയനും മോഹനയും.
കഴിഞ്ഞ 27 വർഷമായി കൊച്ചിയിൽ ശ്രീ ബാലാജി കോഫി ഷോപ്പ് എന്ന പേരിൽ ചായക്കട നടത്തുകയായിരുന്നു ഈ ദമ്പതികൾ. ഇരുവരും ചേർന്ന് 25 വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി പോകുന്നത് 2007 ഇസ്രയേലിലേക്ക് ആയിരുന്നു. കൊവിഡ് വരുന്നതിനു മുൻപുള്ള അവരുടെ അവസാനത്തെ ട്രിപ്പ് സ്പോൺസർ ചെയ്തത് ആനന്ദ് മഹീന്ദ്ര ആയിരുന്നു. അന്ന് അവർ ഓസ്ട്രേലിയയും ന്യൂസിലൻഡും ഒക്കെ കണ്ടു വന്നു. അമേരിക്ക, ബ്രസീൽ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ജർമനി എന്നിങ്ങനെ പല രാജ്യങ്ങളും അവർ ഇതിനോടകം കണ്ടു കഴിഞ്ഞു. ന്യൂസിലാൻഡ് സഞ്ചരിച്ചാണ് ഇവർ കാൽ സെഞ്ച്വറി പൂർത്തീകരിച്ചത്. ചായ വിറ്റ് കിട്ടുന്ന കാശ് കൂട്ടി വെച്ച് യാത്ര ചെയ്യുന്ന ഇവരുടെ കഥ ലോകപ്രസിദ്ധമാണ് ഇന്ന്. ഇവരെ കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് വരെ സഞ്ചാരികൾ കോഫി ഷോപ്പിൽ എത്തിയിട്ടുണ്ട്. ലോകത്തെ വിവിധ കോണുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഇവരുടെ കഥ ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രയെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് ഈ ദമ്പതികൾ. അതിയായ ഇഷ്ടവും അതിലുപരി ഉള്ള മനസ്സുമാണ് തടസ്സങ്ങൾ മറികടന്ന് ഇത്രയും രാജ്യങ്ങൾ സഞ്ചരിക്കാൻ ഇവരെ പ്രാപ്തരാക്കിയത്. ചായക്കടയിലെ തുച്ഛമായ വരുമാനത്തിൽ നിന്നും പണം സ്വരുക്കൂട്ടി വെച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. കോഫി ഷോപ്പിൽ വരുമാനത്തിൽ നിന്ന് ഇവർ ദിവസവും 300 രൂപയോളം മാറ്റി വെച്ചിരുന്നു. വീണ്ടും പണം ആവശ്യം വരുമ്പോൾ ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ലോൺ എടുക്കുന്നതിനുള്ള പണത്തിനായി കഠിനാധ്വാനം ചെയ്യും. ലോൺ അടവ് കഴിയുമ്പോൾ അടുത്ത ട്രിപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഇവരുടെ യാത്രകൾ. ഇരുവരും സഞ്ചരിച്ച രാജ്യങ്ങൾ കോഫി ഷോപ്പിൽ കാണാനും കഴിയും. എല്ലാ രാജ്യങ്ങളിലും വെച്ച് എടുത്ത ഫോട്ടോകൾ അവർ കോഫി ഷോപ്പിൽ വെച്ചിട്ടുണ്ട്.